ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നിര്‍ത്തലാക്കി
1536381
Tuesday, March 25, 2025 8:08 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം നിര്‍ത്തലാക്കി. പ്രതിമാസം 500 ബുക്കിംഗില്‍ താഴെയാണെന്ന കാരണം പറഞ്ഞാണ് നിര്‍ത്തലാക്കിയത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ അറിയാത്ത അനേകം പേരുടെ ആശ്രയമായിരുന്നു ഡിപ്പോയിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം.
നിലവില്‍ പ്രത്യേക സ്റ്റാഫ് ഒന്നുമില്ലാതെ നിലവിലുള്ള സ്റ്റാഫ് തന്നെ കൈകാര്യം ചെയ്തിരുന്ന സൗകര്യമാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയ്ക്കു ലഭിച്ചുകൊണ്ടിരുന്ന വരുമാനം കൂടിയാണ് ഇതുമൂലം ഇല്ലാതാകുന്നത്.
തപാല്‍ രംഗത്തെ ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കുന്നതിനു പിന്നാലെ ചങ്ങനാശേരിയുടെ ഗതാഗതരംഗത്തെ ഒരു സൗകര്യം കൂടെയാണ് നിലയ്ക്കുന്നത്. ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം നിലനിര്‍ത്താന്‍ നടപടി വേണമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. സെബിന് എസ്. കൊട്ടാരം ആവശ്യപ്പെട്ടു.