23 ശതമാനം കിഴിവ് കൊള്ള ; കൊയ്തത് അത്രയും പാടത്തുതന്നെ
1536199
Monday, March 24, 2025 11:55 PM IST
കോട്ടയം: തിമിര്‍ത്തുപെയ്യുന്ന ഓരോ വേനല്‍മഴയിലും നെല്‍കര്‍ഷകരുടെ മനസും ശരീരവും തളരുകയാണ്.
ആത്മരോഷം അണപൊട്ടിയതോടെ കര്‍ഷകര്‍ അറ്റകൈ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായി. കോട്ടയം പാഡി ഓഫീസിനു മുന്നില്‍ അനിശ്ചിതകാല ഉപവാസം പ്രഖ്യാപിച്ച് കര്‍ഷകരും നേതാക്കളും സമരരംഗത്തുണ്ട്. മുന്‍പൊരിക്കലും ആവശ്യപ്പെടാത്ത കിഴിവ്, അതായത് 23 ശതമാനം കിഴിവ് നല്‍കാതെ നെല്ലെടുക്കില്ലെന്ന നിലപാടിലാണ് മില്ലുകാര്‍. രണ്ടു ശതമാനം
കിഴിവില്‍ നെല്ല് സംഭരണം തുടങ്ങിയ അതേ പാടത്താണ് ഇന്നലെ 23 ശതമാനം കിഴിവ് ചോദിക്കുന്നത്. ഇത് അനീതിയുടെ അങ്ങേയറ്റമാണെന്നും കൃഷികൊണ്ട് എന്തു നേട്ടമെന്നും കര്‍ഷകര്‍ ചോദിച്ചതോടെ പത്തു മില്ലുകാര്‍ സംഭരണത്തില്‍നിന്ന് പിന്‍വാങ്ങി. മഴ ഇനിയും ശക്തിപ്പെട്ടാല്‍ 35 ശതമാനം വരെ കിഴിവു ചോദിക്കാനുള്ള നീക്കത്തിലാണ് സംഘടിത മില്ല് ലോബി. ഇവര്‍ക്ക് ഒത്താശയുമായി ഒരു വിഭാഗം പാഡി ഓഫീസര്‍മാരുമുണ്ട്.
ഒരു കിലോ നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില 28.20 രൂപ. ഒരു ക്വിന്റല്‍ നെല്ലിന് 2,820 രൂപ. കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഈ തുകയിൽനിന്ന് മില്ലുകാരും ഒരു വിഭാഗം പാഡി ഓഫീസര്‍മാരും ഇടനിലക്കാരും കൈയിട്ട് വാരുകയാണ്. കര്‍ഷകരെ പ്രതിസന്ധിയില്‍ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങേണ്ട കൃഷി വകുപ്പ് കര്‍ഷകരോടു പുലര്‍ത്തുന്ന നിസംഗതയും ക്രൂരതയും പരിധി വിട്ടിരിക്കുന്നതായി നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി അഭിപ്രായപ്പെട്ടു. കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷം നല്കുന്ന ശമ്പളം 4,500 കോടി രൂപയാണ്.
നെല്ലില്‍നിന്നുള്ള സംസ്ഥാനത്തെ ഉത്പാദന വരുമാനം 1,580 കോടി രൂപയും. ചെലവും വരുമാനവും തമ്മിലെ അന്തരം ഇത്ര വലുതാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു വകുപ്പ് എന്നാണ് കര്‍ഷകരുടെ ചോദ്യം.
നെല്ലും കൃഷിയും
വേണ്ടെങ്കിൽ
പിന്നെങ്ങനെ
ജീവിക്കുമെന്ന് കര്‍ഷകര്‍
കോട്ടയം: കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ കൃഷിവകുപ്പിന് മുന്നില്‍ കര്‍ഷകരുടെ മുറവിളി. തിരുവാര്‍പ്പ് മാടേക്കാട് പാടത്ത് 37 ദിവസം മുന്‍പ് നെല്ല് കൊയ്തതും കുറിച്ചി കണ്ണംകരയില്‍ 18 ദിവസം മുന്‍പ് കൊയ്ത്തു നടത്തിയ കര്‍ഷകരോടും 22 ശതമാനം കിഴിവു ചോദിച്ച് മില്ലുകാര്‍ വിശപേശുകയാണ്.
രണ്ടു ശതമാനത്തില്‍ തുടങ്ങിയ കിഴിവ് 23 ശതമാനം വരെ ഉയര്‍ത്തിയിട്ടും പാഡി ഓഫീസര്മാകും ജില്ലാ ഭരണകൂടവും നിസംഗത തുടരുന്നു. ജില്ലയിലെ പുഞ്ച കൊയ്ത്ത് 20 ശതാനം പൂര്ത്തിയാപ്പോള് ഇതാണ് സ്ഥിതിയെങ്കില്‍ വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ സ്ഥിതി എത്ര പരിതാപകരമായിരിക്കും. കായല്‍മേഖലയില്‍ ഇപ്പോഴും കൊയ്ത്ത് തുടങ്ങിയിട്ടില്ല. പാടങ്ങളില്‍ നനഞ്ഞ നെല്ല് പലയിടങ്ങളിലും കിളിര്‍ത്തു പൊങ്ങി.
അറിയണം, കേള്‍ക്കണം
81കാരിയുടെ രോദനം
കോട്ടയം: പാടത്ത് കൊയ്തുകൂട്ടിയ 30 ക്വിന്റല്‍ നെല്ലിന് മുന്നില്‍ കണ്ണീര് പൊഴിക്കുകയാണ് കുറിച്ചി ചേപ്പാട്ടുപറമ്പില്‍ ചിന്നമ്മ. 18 ദിവസം മുന്‍പ് കൊയ്ത നെല്ല് പാടത്തു കിടക്കുമ്പോള്‍ മില്ലുകാര്‍ ചോദിക്കുന്നത് 22 ശതമാനം കിഴിവാണ്. അറുപതിനായിരം രൂപ കടമെടുത്ത് കൃഷിയിറക്കിയിട്ട് 100 കിലോ നെല്ലിന് 22 കിലോ കിഴിവ് നല്കിയാല് നഷ്ടം എത്ര ഭീമമായിരിക്കും.
വിധവയായ ചിന്നമ്മ എണ്‍പത്തിയൊന്നാം വയസിലും കൃഷിയിറക്കുന്നത് നെല്ലിനോടുള്ള മമത കൊണ്ടാണ്. മൂന്നു വളവും മൂന്നു കീടനാശിനിയും പ്രയോഗിച്ച് നാലു മാസത്തെ കാത്തിരിപ്പിനുശേഷം കൊയ്തപ്പോഴാണ് മില്ലുകാരും പാഡി ഓഫീസറും ഇടനിലക്കാരും ചേര്‍ന്നുള്ള കഴുത്തറപ്പന്‍ ചൂഷണം. രണ്ടാഴ്ച പാടത്ത് കിടന്ന നെല്ല് കിളിര്‍ക്കുമെന്ന സാഹചര്യത്തില്‍ ഇന്നലെ കൂലിക്കാരെ വിളിച്ച് കരയ്ക്ക് കയറ്റി.
ഒന്നരയേക്കറില്‍ കൃഷിയിറക്കിയ ചിന്നമ്മ ഭാരിച്ച നഷ്ടമാണ് മുന്നില്‍ കാണുന്നത്. ഇന്നലെ കോട്ടയം പാഡി ഓഫീസിലെ ധര്‍ണയിലും ഉപവാസത്തിലും പങ്കെടുക്കാന്‍ ചിന്നമ്മയെപ്പോലെ വേറെയും കര്‍ഷകരുണ്ടായിരുന്നു.