തിരുനക്കര ഉത്സവം: പകൽപ്പൂരം 21ന്
1534075
Tuesday, March 18, 2025 2:51 AM IST
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തിരുനക്കര പൂരം 21നു നടക്കും. പൂരനാളില്‍ നാടിന്റെ നാനാദിക്കില്‍നിന്നും പൂരപ്രേമികളും ആനപ്രേമികളും തിരുനക്കരയിലേക്ക് ഒഴുകിയെത്തും. പൂരനാളില്‍ പെരുവനം കുട്ടന്മാരാരും 111ല്‍പ്പരം കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷല്‍ പഞ്ചാരിമേളവും കാഴ്ചക്കാര്‍ക്കു വിരുന്നൊരുക്കും.
21നു രാവിലെ 7.30നു ശ്രീബലി എഴുന്നള്ളിപ്പ്, ഒന്പതിനു വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള ചെറുപുരങ്ങള്ക്കു വരവേല്പ്. 10നു പൂത്താല രഥഘോഷ യാത്രയും അയ്മ്പൊലി സമര്‍പ്പണവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ ഉത്സവബലി ദര്‍ശനം, തുടര്‍ന്ന് പൂരം സമാരംഭിക്കും. തൃക്കടവൂര്‍ ശിവനും പാമ്പാടി രാജനും തിടമ്പേറ്റും. രാത്രി ഏഴിനു ദീപാരാധന, ദീപക്കാഴ്ച, രാത്രി 9.30നു കൊടിക്കീഴില്‍ വിളക്ക്.
പൂരദിനത്തില്‍ ശിവശക്തി കലാവേദിയില്‍ രാവിലെ 7.30നു ഭാഗവതപാരായണം ആരംഭിക്കും. 9.30നു തിരുവാതിരകളി, 10.30നു സെമി ക്ലാസിക്കല്‍ ഡാന്‍സ്, 11.30നു ഓട്ടന്തുള്ളല്, 12.30നു തിരുവാതിരകളി, ഉച്ചകഴിഞ്ഞു 1.30നു സംഗീതസദസ്, 2.30നു കളരിപ്പയറ്റും അരങ്ങേറും. വൈകുന്നേരം നാലിനാണു പെരുവനം കുട്ടന്മാരാരും 111ല്‍പ്പരം കലാകാരന്മാരും പങ്കെടുക്കുന്ന സ്പെഷല്‍ പഞ്ചാരിമേളം. രാത്രി 8.30മുതല്‍ ചലച്ചിത്രതാരം ശാലുമേനോന് അവതരിപ്പിക്കുന്ന നൃത്തനാടകം.
പൂരത്തിനു എഴുന്നള്ളുന്ന ഗജവീരന്മാര്
തൃക്കടവൂര്‍ ശിവന്, പാമ്പാടി രാജന്, ഈരാറ്റുപേട്ട അയ്യപ്പന്, ഭാരത് വിശ്വനാഥന്, പാമ്പാടി സുന്ദരന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, കിരണ്‍ നാരായണ്‍കുട്ടി, കാഞ്ഞിരക്കാട്ട് ശേഖരന്, തടത്താവിള രാജശേഖരന്, ചൈത്രം അച്ചു, മീനാട് വിനായകന്, വേമ്പനാട് അര്ജുന്, തോട്ടയ്ക്കാട് കണ്ണന്, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരന്, കരിമണ്ണൂര്‍ ഉണ്ണി, അക്കാവിള വിഷ്ണുനാരായണന്‍, ചുരൂര്‍മഠം രാജശേഖരന്, കുന്നുമ്മേല്‍ പരശുരാമന്, വേമ്പനാട് വാസുദേവന്‍, ഉണ്ണിപ്പള്ളി ഗണേശന്, കല്ലുത്താഴ് ശിവസുന്ദര്‍.