കോട്ടയം നഗരസഭയുടെ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണികളില്ല; സ്ഥാപനമുടമകൾ ആശങ്കയില്‍
1534074
Tuesday, March 18, 2025 2:51 AM IST
കോട്ടയം: കോട്ടയം നഗരസഭയുടെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ കഴിയുന്ന വ്യാപാരികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ പച്ചക്കറി മാര്‍ക്കറ്റിലെ കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണതോടെയാണു വ്യാപാരികള്‍ വീണ്ടും ഭീതിയിലായത്.
കോട്ടയം മാര്‍ക്കറ്റില്‍ സപ്ലൈകോ പ്രവര്‍ത്തിക്കുന്ന നഗരസഭ കെട്ടിടത്തിന്റെ സണ്‍ ഷേഡിന്റെ ഒരു ഭാഗമാണ് അടര്‍ന്നു വീണത്. അവധി ദിനമായതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ആര്‍ക്കാണ് അടുത്ത അപകടം സംഭവിക്കുന്നതെന്ന ഭീതിയിലാണിവര്‍.
നഗരസഭാ ഉടമസ്ഥതയിൽ നഗരത്തിലും സമീപ പ്രദേശങ്ങളായ കഞ്ഞിക്കുഴി, നാട്ടകം, കുമാരനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങള്‍ എല്ലാം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഈ കെട്ടിടങ്ങളില്‍ ഒന്നില്‍പ്പോലും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞദിവസം ഒരു ഭാഗം അടര്‍ന്നുവീണ കെട്ടിടം 1982ല്‍ പണികഴിപ്പിച്ചതാണ്. പിന്നീട് ഒരിക്കല്‍പോലും ഈ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
പലകെട്ടിടങ്ങളും വാടകയ്ക്കു ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികള്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചു പോരുകയാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ രണ്ടോ, മൂന്നോ വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിച്ചാല്‍ മാത്രമേ ദീര്‍ഘനാള്‍ നിലനില്ക്കുകയുള്ളു. അല്ലാത്ത പക്ഷം കെട്ടിടങ്ങള്‍ക്കു ബലക്ഷയം ഉണ്ടാകും. നഗരസഭയുടെ എല്ലാ കെട്ടിടങ്ങളിലും ആല്മരങ്ങള് പോലെയുള്ളവ വളര്‍ന്നു വേരിറങ്ങി കെട്ടിടങ്ങളുടെ തൂണ് ഉള്‍പ്പെടെയുള്ളവയ്ക്കു ബലക്ഷയമുണ്ടാക്കും.
നഗരസഭ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതു നഗരസഭാ കാര്യാലയം മാത്രമാണ്. വര്‍ഷാവര്‍ഷം ഇതു പെയിന്റടിച്ചു സംരക്ഷിക്കുന്നതിനാല്‍ ഈ കെട്ടിടം മാത്രം കാര്യമായ കേടുപാടില്ലാതെ നിലനില്‍ക്കുന്നുണ്ട്. ബോട്ട് ജെട്ടിയിലേതുൾപ്പെടെ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെയും പൊളിച്ചു മാറ്റാതെയും വെറുതെ കിടന്നുനശിക്കുകയാണ്.
അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തേണ്ട നിരവധി കെട്ടിടങ്ങളാണ് നഗരസഭയുടേതായി നഗരത്തിലുള്ളത്. വാടകക്കാർ പരാതി പറയുമ്പോള്‍ പേരിനു മാത്രമായി എന്തെങ്കിലും തട്ടിക്കൂട്ടു നടത്തും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തണമെന്നു വ്യാപാരികള്‍ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.