കാപ്കോസിന്റെ കൂടല്ലൂര്‍ റൈസ് മില്‍ നിര്‍മാണം പുരോഗമിക്കുന്നു
1533942
Tuesday, March 18, 2025 12:07 AM IST
കോട്ടയം: നെല്ലുസംഭരണം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ നെല്ലു സംഭരണത്തിനും സംസ്കരണത്തിനുമായി കാപ്കോസിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ തുടങ്ങുന്ന റൈസ്മില്‍ കര്‍ഷകര്‍ക്കു പ്രതീക്ഷയേകുന്നു.
വിരിപ്പ്, പുഞ്ചകൃഷിയുടെ വിളവെടുപ്പു കാലം എല്ലാക്കാലത്തും കര്‍ഷകര്‍ക്കു ദുരിതമാണ് സമ്മാനിക്കുന്നത്. കൊയ്തുകൂട്ടിയ നെല്ല് പാടത്തും വരമ്പത്തും റോഡിലുമായി കൂടിക്കിടക്കുകയാണ്. കിഴിവിന്റെ പേരില്‍ മില്ലുകാരും കര്‍ഷകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹിക്കുന്നതിനോ സംഭരണം വേഗത്തിലാക്കാനോ സര്‍ക്കാരിനാകുന്നില്ല.
കൊയ്ത നെല്ല് സംഭരിക്കാതെ സ്വകാര്യ മില്ലുകള്‍ കര്‍ഷകരെ ദുരിതത്തിലാക്കുമ്പോള്‍ കേരള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ (കാപ്കോസിന്റെ) നേതൃത്വത്തില്‍ ആരംഭിക്കുന്ന റൈസ് മില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകും. ഒരുവര്‍ഷം എട്ട് ലക്ഷത്തിലധികം ടണ്‍ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോള്‍ ഏഴ് ലക്ഷം ടണ്ണും സംസ്കരിക്കുന്നതു സ്വകാര്യമില്ലുകളാണ്. കാപ്കോസ് റൈസ് മില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നെല്ലു സംസ്കരണത്തിന്റെ 10 ശതമാനമെങ്കിലും സര്‍ക്കാര്‍-സഹകരണ മേഖലയുടെ കൈയിലെത്തുമെന്നാണ് പ്രതീക്ഷ.
കിടങ്ങൂര്‍ കൂടല്ലൂര്‍ കവലയ്ക്കുസമീപം കൂടല്ലൂര്‍ പള്ളിക്കു താഴെയായി പത്തേക്കര്‍ ഭൂമിയിലാണ് മില്‍ യാഥാര്‍ഥ്യമാകുന്നത്. മില്ലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാപ്കോസ് ചെയര്മാന് കെ.എം. രാധാകൃഷ്ണന് പറഞ്ഞു. മില്ലിന് നബാര്‍ഡ് 76 കോടി ധനസഹായം അനുവദിച്ചിരുന്നു. ഇതില്‍ 15.2 കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സായി കഴിഞ്ഞ മാസം കൈമാറി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വേഗം കൂടുമെന്നാണ് കരുതുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
90 കോടി രൂപ ചെലവിലാണ് മില്‍ സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയശേഷമാണ് വിദഗ്ധസംഘമാണ് മില്ലിന്റെ രൂപരേഖ തയാറാക്കിയത്. നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മില്ലില്‍ 50,000 മെട്രിക് ടണ്‍ നെല്ല് പ്രതിവര്‍ഷം സംസ്കരിക്കാന്‍ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയര്‍ഹൗസിന് പകരം 3500 ടണ്‍ ശേഷിയുള്ള എട്ട് ആധുനിക സൈലോകളാണ് സ്ഥാപിക്കുക.
സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി ഒരുകോടി രൂപ ഇതിനോടകം അനുവദിച്ചിരുന്നു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് സമാഹരിച്ച ഏഴു കോടി രൂപ ഉപയോഗിച്ചാണ് മില്ലിനായി 10 ഏക്കര്‍ സ്ഥലം വാങ്ങിയത്.