കുറുപ്പന്തറ റെയില്‍വേ മേൽപ്പാലത്തിനായുള്ള കാത്തിരിപ്പു നീളുന്നു
1534057
Tuesday, March 18, 2025 2:31 AM IST
കടുത്തുരുത്തി: കുറുപ്പന്തറ റെയില്‍വേ മേൽപ്പാല ത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പു നീളുന്നു. റെയില്‍വേ ഗേറ്റ് അടഞ്ഞാല്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും പൊടിശല്യവും. വര്‍ഷ ങ്ങളായി കുറുപ്പന്തറ റെയില്‍വേ ഗേറ്റിനു സമീപമുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
ഗേറ്റ് അടഞ്ഞാല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശങ്ങളിലും കാണാനാവുക. ഗേറ്റ് തുറന്നാല്‍ പിന്നെ വാഹനങ്ങളുടെ പരക്കം പാച്ചിലും. എങ്ങനെയും ഗേറ്റ് കടക്കുന്നതിനാണ് ഈ പാച്ചില്‍. ഇതിനിടെ അപകടങ്ങള്‍ ഉണ്ടാവുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഗേറ്റിലേക്കെത്തുന്ന റോഡിനു സമീപത്തെ വീട്ടുകാര്‍ക്ക് വേനല്‍ക്കാലത്ത് പൊടിശല്യമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെങ്കില്, മഴക്കാലത്ത് വെള്ളക്കെട്ടാണ് പ്രശാനമുണ്ടാക്കുന്നത്. ഗേറ്റില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. ഗേറ്റിനോടു ചേര്‍ന്നുള്ള ചില വീട്ടുകാര്‍ മേല്‍പ്പാലം വരാനായി സ്ഥലം വിട്ടുനല്‍കാനായി മതില് പിന്നോട്ടിറക്കി നിര്‍മിച്ചിരുന്നു.
രൂപരേഖ മാറി വന്നതിനാല്‍ ഇവര്‍ക്ക് സ്ഥലം വിട്ടു നല്‍കേണ്ടി വന്നുമില്ല. സ്ഥലം ഏറ്റെടുക്കലുള്പ്പെടെയുള്ളവ പല കാരണങ്ങളാല്‍ നിയമക്കുരുക്കില്പ്പെട്ടുകിടക്കുകയായിരുന്നു. ഇതു മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങുന്നത് വൈകാനിടയാക്കി. കാരണങ്ങള്‍ പലതു പറയാനുണ്ടെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്നത് നാട്ടിലെ സാധാരണ മനുഷ്യരും വാഹന യാത്രികരുമാണ്. ആലപ്പുഴ-മധുര മിനി ഹൈവേയില്‍ വരുന്ന റോഡിലാണ് കുറുപ്പന്തറ റെയില്‍വേ ഗേറ്റുള്ളത്. ഇവിടുത്തെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനും റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കുക മാത്രമാണ് ഏകപരിഹാരമെന്നു കണ്ടെത്തിയിരുന്നു.
ഗതാഗതക്കുരുക്കിന് പരിഹാരം മേല്‍പ്പാലം മാത്രം
മേല്‍പ്പാലത്തിനായി പത്തു വര്‍ഷം മുമ്പ് നിര്‍മാണ അനുമതി കിട്ടിയിരുന്നു. 2018-ലെ ബജറ്റില്‍ തുകയും അനുവദിച്ചു. 2024 ഫെബ്രുവരി 26ന് രാജ്യത്തെ വിവധ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനത്തോടനുബന്ധിച്ചു കുറുപ്പന്തറ മേല്‍പ്പാലത്തിനും കല്ലിടുകയുണ്ടായി. എന്നാല്‍, കുറുപ്പന്തറ മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാരും യാത്രക്കാരും.
സ്ഥലം ഏറ്റെടുക്കല്‍
റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള സര്‍വേ നടപടികള്‍ പാലാ ഭൂമിയേറ്റെടുക്കല്‍ തഹീല്ദാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കുന്നതിനായി വിജ്ഞാപനവും പുറപ്പെടുവിച്ചു. ഇതിനിടെ വസ്തു ഉടമകളില്‍ രണ്ടു പേര് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഉത്തരവ് വാങ്ങി. പിന്നീട് കോടതി ഇവരുടെ ഹര്‍ജി തള്ളുകയും ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ലന്ന് ഉത്തരവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എണ്‍പത് ശതമാനം വസ്തു ഉടമകള്‍ക്കും നഷ്ടപരിഹാര തുക നല്കി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതായാണ് റവന്യു അധികൃതര്‍ പറയുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷം
റെയില്‍വേ സ്റ്റേഷനു സമീപത്തുതന്നെയാണ് റെയില്‍വേ ഗേറ്റ്. ട്രെയിനുകള്‍ സ്റ്റേഷനില്‍ പിടിച്ചിടുന്ന സമയത്തും ഗേറ്റ് അടഞ്ഞുതന്നെ കിടക്കും. റെയില്‍വേയുടെ കണക്കനുസരിച്ച് 2019ല്‍ റെയില്‍വേ ഗേറ്റിലൂടെ 1,45,948 ഉം 2024ല്‍ 2,29,524 വാഹനങ്ങളും കടന്നുപോയതായി പറയുന്നു.
30.56 കോടി രൂപയുടെ അനുമതി
2015ലാണ് മേല്‍പ്പാലം നിര്‍മാണത്തിന് റെയില്‍വേ അംഗീകാരം നല്‍കിയത്. 2018-ലെ സംസ്ഥാന ബജറ്റിലാണ് പാലം നിര്‍മാണത്തിനുള്ള തുക അനുവദിച്ചത്. ധനകാര്യ-പൊതുമരാമത്ത് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് 30.65 കോടി രൂപയുടെ നിര്‍മാണ അനുമതിയാണ് കുറുപ്പന്തറ മേല്‍പ്പാലത്തിനായി നല്‍കിയിട്ടുള്ളത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പുമെന്റ് കോര്‍പറേഷനാണ് മേല്‍പ്പാല നിര്‍മാണത്തിന്റെ ചുമതല.