മണിമലയില്‍ സമ്പൂര്‍ണ കൊക്കോ അധിഷ്ഠിത ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി വരുന്നു
1533947
Tuesday, March 18, 2025 12:07 AM IST
കോട്ടയം: സമ്പൂര്‍ണ കൊക്കോ അധിഷ്ഠിത ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മണിമലയില്‍ ആരംഭിക്കുന്നു. കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമാണ് കമ്പനി തുടങ്ങുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. കമ്പനിക്കാവശ്യമായ ഫണ്ട് നബാര്‍ഡ് നല്‍കും.
കര്‍ഷകരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യും. സിപിസിആര്‍ഐ, ഡിസിസിഡി സ്ഥാപനങ്ങള്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കും. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, സംഭരണം, സംസ്കരണം, ഗുണനിലവാരമുള്ള കൊക്കോ ഉത്പാദിപ്പിക്കുക, വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുക, കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് കമ്പനി രൂപീകരിക്കുന്നതിനെന്ന് സംഘാടകര്‍ പറഞ്ഞു.
നാളെ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനത്തില്‍ നബാര്‍ഡ് സിജിഎം ബൈജു എന്‍. കുറുപ്പ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. കെ.ബി. ഹെബ്ബാര്‍ അധ്യക്ഷതവഹിക്കും. ഡോ. റെജി ജെ. തോമസ്, കെ.ജെ. വര്‍ഗീസ്, ഡോ. ഫെമീന, ഡോ. ഷീബാ റെബേക്ക ഐസക്ക്, ജോ ജോസ്, റെജി വര്‍ഗീസ്, ഡോ. എം. ജോസഫ് രാജ്കുമാര്, ഡോ. കെ.എം. അനീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വിവരങ്ങള്‍ക്ക്: 9447184735, 8156932646. പത്രസമ്മേളനത്തില്‍ ചെയര്മാന് കെ.ജെ. വര്‍ഗീസ്, സണ്ണി കുര്യാക്കോസ്, ജോസഫ് ഡൊമിനിക്, ടോം ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.