വൈക്കോലിന് തീയിട്ടത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരായ ദമ്പതികളെ മർദിച്ചു
1534054
Tuesday, March 18, 2025 2:31 AM IST
തലയോലപ്പറമ്പ്: കൊയ്ത്തുകഴിഞ്ഞ പാടത്ത് കൂട്ടിയ വൈക്കോലിന് തീയിട്ടത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരായ ദമ്പതികളെ മർദിച്ചതായി പരാതി. ചെമ്പ് എനാദി പാറപ്പുറം വടക്കേമലയിൽ രാധ (60), ശിശുപാലൻ (65) എന്നിവർക്കാണ് കഴിഞ്ഞദിവസം മർദനമേറ്റത്.
സംഭവത്തിൽ ഏനാദി സ്വദേശികളായ സഹോദരങ്ങൾക്കെതിരേ പോലീസ് കേസെടുത്തു. പശുക്കളെ വളർത്തി ഉപജീവനം നടത്തുന്നവരാണ് പരിക്കേറ്റ ഭിന്നശേഷിക്കാരായ ദമ്പതികൾ. വീടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പാടശേഖരത്തിൽ ദമ്പതികൾ കൂട്ടിയിരുന്ന വൈക്കോൽ സമീപവാസികളായ സഹോദരങ്ങൾ തീയിട്ടത് ദമ്പതികൾ ചോദ്യം ചെയ്തതിനെത്തുടർന്ന് അസഭ്യം പറയുകയും വടികൊണ്ട് ശിശുപാലനെ അടിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച രാധയ്ക്കും മർദനമേറ്റു. പരിക്കേറ്റ ദമ്പതികൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏനാദി കുന്നത്തുതറ മണിയപ്പൻ, ഇയാളുടെ സഹോദരൻ ഗുണശീലൻ എന്നിവർക്കെതിരേ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.