പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ റോഡ് കോൺക്രീറ്റിംഗ് തടസപ്പെട്ടതായി പഞ്ചായത്ത്
1533978
Tuesday, March 18, 2025 12:07 AM IST
കുറവിലങ്ങാട്: പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടർന്ന് റോഡ് കോൺക്രീറ്റിംഗ് തടസപ്പെട്ടതായി പഞ്ചായത്തിന്റെ പരാതി. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നതും 62 വർഷത്തിലധികമായി നടപ്പുവഴിയായി ഉപയോഗിച്ചുവരുന്നതുമായ കണിയോടി നടപ്പാതയുടെ കോൺക്രീറ്റിംഗ് തടസപ്പെട്ടതായാണ് പരാതി.
പഞ്ചായത്ത് പത്താം വാർഡിലെ റോഡ് വികസനമാണ് തടസപ്പെട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റിംഗിന് നടപടികൾ ആരംഭിച്ചത്.
ഒന്നരമാസം മുൻപ് കോൺക്രീറ്റിംഗിനുള്ള സാധനങ്ങൾ ഇറക്കിയപ്പോഴും പ്രതിഷേധമുണ്ടായതായി പഞ്ചായത്ത് പറയുന്നു.
പദ്ധതി തടസപ്പെടുത്തിയവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പണി പൂർത്തീകരിക്കുമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.
പഞ്ചായത്തിന്റേത് അനധികൃത
പ്രവർത്തനമെന്ന് പരാതി
കുറവിലങ്ങാട്: പഞ്ചായത്ത് നടത്തുന്ന കോൺഗ്രീറ്റിംഗ് ശ്രമം അനധികൃത പ്രവർത്തനമാണെന്ന് പരാതിയുമായി ദമ്പതികളടക്കം പോലീസിനെ സമീപിച്ചു. തങ്ങൾ കരമടയ്ക്കുന്ന സ്ഥലമാണ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കോൺക്രീറ്റിംഗിന് ശ്രമിച്ചതെന്ന് പരാതിക്കാരായ താഴത്തേട്ടു ടോമിയും ഭാര്യയും പറയുന്നു.
റവന്യു രേഖകളിൽ തങ്ങളുടെ ഭൂമിയാണെന്നും ഇത് സംബന്ധിച്ച് അദാലത്തിൽ ചർച്ചചെയ്ത് പരിഹരിച്ചതാന്നെന്നും പഞ്ചായത്ത് നിയമവിരുദ്ധമായി രംഗത്തിറങ്ങിയതാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.