റബര്‍ ബോര്‍ഡ് സബ്സിഡി അപേക്ഷകള്‍ ചുവപ്പുനാടയില്ത്തന്നെ
1533946
Tuesday, March 18, 2025 12:07 AM IST
കോട്ടയം: അടുത്ത ടാപ്പിംഗ് സീസണിലും റബര്‍ കര്‍ഷകര്‍ മഴമറയ്ക്കും സ്പ്രെയിംഗിനും വേണ്ട ചെലവ് തനിയെ വഹിക്കേണ്ടിവരും.
ഹെക്ടറിന് നാലായിരം രൂപ വീതം സ്പ്രെയിംഗ്, മഴമറ സബ്സിഡി നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം റബര്‍ ബോര്‍ഡ് നടത്തിയ പ്രഖ്യാപനം നടപ്പാകാനിടയില്ല. ഇതിനായി ആര്‍പിഎസുകള്‍ മുഖേന ആറു മാസം മുന്‍പ് സമര്‍പ്പിച്ച ബില്ലുകൾ പോലും പരിശോധനയ്ക്കെടുത്തിട്ടില്ല.
രണ്ടര ലക്ഷം അപേക്ഷകര്‍ക്ക് 15 കോടി രൂപയാണ് അനുവദിക്കേണ്ടത്. റബര്‍വില കിലോയ്ക്ക് 240 രൂപയിലേക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ ഉയര്‍ന്നപ്പോള്‍ സബ്സിഡി ലഭിക്കുമെന്ന ഉറപ്പില്‍ വന്‍തോതില്‍ മഴമറ വച്ചു. ഇതിലേക്ക് ഒരു റബറിന് 40 രൂപയോളം ചെലവുണ്ടായി. മഴമറ വച്ച് ടാപ്പിംഗ് വര്‍ധിപ്പിച്ചതോടെ ഉത്പാദനം കൂടുകയും സെപ്റ്റംബറില്‍ റബര്‍വില 170 രൂപയിലേക്ക് ഇടിയുകയും ചെയ്തു.
റബര്‍ വില ഇടിക്കാന്‍ റബര്‍ ബോര്‍ഡും വ്യവസായികളും ചേര്‍ന്നു നടത്തിയ തന്ത്രമായിരുന്നു സബ്സിഡി പ്രഖ്യാപനമെന്ന് കര്‍ഷകര്‍ പറയുന്നു. റബര്‍ ആവര്‍ത്തന കൃഷി ഹെക്ടറിന് നാല്പതിനായിരം രൂപ സബ്സിഡിയും റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അയ്യായിരം ഹെക്ടറില്‍ ആവര്‍ത്തന കൃഷി നടത്തിയിരുന്നു. സബ്സിഡിക്ക് ലഭിച്ച അപേക്ഷകളില്‍ 20 ശതമാനത്തിന് മാത്രമാണ് സംസ്ഥാനത്ത് തുക ലഭിച്ചത്. അപേക്ഷകള്‍ പരിശോധിക്കാന്‍ റബര്‍ ബോര്‍ഡില്‍ ജീവനക്കാരില്ലാത്ത കാരണത്താലാണ് തുക വൈകുന്നതെന്നാണ് വിശദീകരണം.