ചങ്ങനാശേരി അതിരൂപത : നൂറുമേനി സീസൺ ത്രീ ഇടവകതല മത്സരം ഏപ്രിൽ ആറിന്
1533662
Sunday, March 16, 2025 11:50 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കുടുംബ ദൈവവചന പഠന പദ്ധതിയായ നൂറുമേനി സീസൺ-ത്രീ ഇടവകതല മത്സരം ഏപ്രിൽ ആറിനു നടക്കും. നൂറുമേനി സീസൺ-ത്രീ പഠന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് മത്സരം.
മത്സരത്തിന്റെ കുടുംബക്കൂട്ടായ്മ-സൺഡേസ്കൂൾ പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കണം. മിനിമം 10 മാർക്കോ അതിൽ കൂടുതലോ ലഭിക്കുന്ന എല്ലാവർക്കും ഇടവകകളിൽ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതും അവരുടെ പേരുവിവരങ്ങൾ നൂറുമേനി സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഇവർക്കെല്ലാവർക്കും കുടുംബമായോ വ്യക്തിപരമായോ ഇടവകതല മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത ലഭിക്കും. അല്മായർക്കും സെമിനാരിക്കാർക്കും സന്യസ്തർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രത്യേകം മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
വ്യക്തിഗത മത്സരങ്ങൾ ആറു കാറ്റഗറികളായി തിരിച്ചാണ് നടത്തുന്നത്. തിരുബാലസഖ്യം മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എ കാറ്റഗറി 30 മാർക്കും അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ബി കാറ്റഗറി 75 മാർക്കും മറ്റു കാറ്റഗറികളിലുള്ളവർക്ക് നൂറു മാർക്കോ അതിലധികമോ ലഭിച്ചാൽ നൂറുമേനി അതിരൂപത മെഗാ സമ്മാനം ലഭിക്കും.
രണ്ടോ, മൂന്നോ പേരടങ്ങുന്ന ടീമാണ് കുടുംബമത്സരത്തിൽ പങ്കെടുക്കുന്നത്. കുടുംബമായി 150 മാർക്കോ അതിൽ കൂടുതലോ ഇടവകമത്സരത്തിൽ ലഭിക്കുന്ന എല്ലാ ടീമുകൾക്കും മേയ് നാലിന് നടക്കുന്ന നൂറുമേനി ഫൊറോന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. ഫൊറോന മത്സര വിജയികളെ പങ്കെടുപ്പിച്ച് ജൂൺ എട്ടിന് നടത്തുന്ന റീജൺതല കുടുംബമത്സര വിജയികളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ടീമുകൾ ജൂലൈ 11ന് ചങ്ങനാശേരി എസ്ബി കോളജിൽ നടക്കുന്ന നൂറുമേനി ഗ്രാൻഡ്ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
ഗ്രാൻഡ്ഫിനാലെയിൽ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 25,000, 15,000, 10,000, 5,000, 3,000 രൂപ വീതം കാഷ് പ്രൈസും നൂറുമേനി വചനതാരം അവാർഡും ലഭിക്കും. നാല് കാറ്റഗറികളായി തിരിച്ചുള്ള നൂറുമേനി വീഡിയോ കോമ്പറ്റീഷനും ആരംഭിച്ചു. നൂറുമേനി മത്സരത്തിനുള്ള രജിസ്ട്രേഷൻ ഇടവകതലത്തിൽ ആരംഭിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: +91 99613 69380,+91 73062 08356.