പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1533923
Monday, March 17, 2025 7:36 AM IST
കടുത്തുരുത്തി: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കടുത്തുരുത്തി-പെരുവ റോഡില്‍ കൈലാസപുരത്തിനു സമീപം ജാതിക്കാമലയില്നിന്നുള്ള 280 എംഎം പൈപ്പ് ലൈനാണ് പൊട്ടി റോഡിലൂടെ വെള്ളം കുത്തിയൊലിക്കുന്നത്. തകര്‍ന്നുകിടക്കുന്ന റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തുന്പോഴാണ് അടുത്ത കാലത്ത് റോഡ് കുത്തിപ്പൊളിച്ച് സ്ഥാപിച്ച പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത്.
കടുത്തുരുത്തി-പെരുവ റോഡിന്റെ ഇപ്പോഴത്തെ ദുര്‍ഗതിക്ക് കാരണം വാട്ടര്‍ അഥോറിറ്റിയുടെ വീഴ്ചയാണെന്ന് ശക്തമായ ആക്ഷേപം ഉയരുന്നതിനിടെയാണ് പൈപ്പ് പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കടുത്ത ചൂടില്‍ ജനം വെള്ളത്തിനായി പരക്കം പായുമ്പോഴാണ് ഉദ്യോഗസ്ഥ വീഴചയെത്തുടര്ന്ന് പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകി നശിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. പ്രശ്നപരിഹാരത്തിന് യാതൊരു നടപടികളുമില്ല. നാലാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. തകര്‍ന്ന് കിടക്കുന്ന തീരദേശ റോഡിനെ കൂടുതല്‍ തകര്ച്ചയിലാക്കിയാണ് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍. വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ വെള്ളം വിടുന്നതിന് റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന പൈപ്പാണ് പൊട്ടിയത്. കടുത്തുരുത്തിയില്‍നിന്നുള്ള പ്രവേശനഭാഗത്ത് ഏതാനും മീറ്ററുകള്‍ ദൂരത്തിലാണ് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നത്. വെള്ളമൊഴുകുന്ന ഭാഗത്തുകൂടി വലിയ വണ്ടികള്‍ കടന്നുപോകുന്നത് അപകട ഭീഷിണി ഉയര്‍ത്തുന്നു.