ശ്യാം പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി ഒരുമ
1533920
Monday, March 17, 2025 7:36 AM IST
കുറുപ്പന്തറ: ഗുണ്ടയുടെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ സ്വദേശി ശ്യാം പ്രസാദിന്റെ കുടുംബത്തിന് സഹായമെത്തിച്ച് ഒരുമ പ്രവര്‍ത്തകര്‍. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതായിരുന്നു ശ്യാം പ്രസാദിന്റെ കുടുംബാം. കുടുംബത്തിന്റെ ഏകാശ്രയം ശ്യാം പ്രസാദായിരുന്നു.
അദേഹത്തിന്റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ ഒരുമ പ്രവര്‍ത്തകര്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രനോടൊപ്പം ഇവരുടെ വീട് സന്ദര്‍ശിച്ചു.
മരത്തില്‍നിന്നു വീണ് വര്‍ഷങ്ങളായി കിടപ്പിലായ ഭാര്യാപിതാവിന്റെ ചികിത്സ നടത്തിയിരുന്നതും ശ്യാമായിരുന്നു. ശ്യാമിന്റെ മരണത്തോടെ ഇദേഹത്തിന്റെ ചികിത്സയും നിലച്ചു. ചങ്ങനാശേരിയിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകുന്നതിന് ആംബുലന്‍സ് ചെലവ് ഉള്‍പ്പെടെ വലിയ തുക ആവശ്യമായിരുന്നു.
ഒരുമ പ്രവര്‍ത്തകര്‍ തങ്ങളുടെ ആംബുലന്‍സ് ചികിത്സയ്ക്കു പോകുമ്പോള്‍ സൗജന്യമായി വിട്ടുനല്‍കാമെന്നും ചികിത്സാസഹായവും കുട്ടികള്‍ക്കുവേണ്ട പഠന സഹായവും നല്‍കാമെന്ന ഉറപ്പും നല്കി.
ഒരുമയുടെ സഹായം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, ജോയി മൈലംവേലി, ഷാജി അഖില്‍ നിവാസ്, ശ്രുതി സന്തോഷ്, സിജ്ഞ ഷാജി, ജോയ്സി ജോയി എന്നിവരാണ് ശ്യാമിന്റെ വീട് സന്ദര്‍ശിച്ചത്.