മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്
1534068
Tuesday, March 18, 2025 2:40 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്, സിബിസിഐ പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ സ്ഥാപക ചെയര്മാൻ, ന്യൂനപക്ഷാവകാശ സംരക്ഷകന്‍ തുടങ്ങിയ നിലകളില്‍ സീറോ മലബാര്‍ സഭയുടെ പ്രകാശഗോപുരമായി പ്രശോഭിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്.
2023 മാര്‍ച്ച് 18നാണ് മാർ പവ്വത്തിൽ ദിവംഗതനായത്. സഭയുടെ കിരീടമെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിടപള്ളിയില്‍ ഇന്ന് ഓര്‍മദിനം ആചരിക്കും.
രാവിലെ ഏഴിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ബിഷപ് മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ കാര്‍മികരായിരിക്കും. കബറിടത്തില്‍ ഒപ്പീസും ഉണ്ടായിരിക്കും. വിവിധ ഇടവകകളില്‍നിന്നുള്ള വൈദികര്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവരുൾപ്പെടെ വിശ്വാസിസമൂഹം അനുസ്മരണ ശുശ്രൂഷകളിൽ പങ്കെടുക്കും.