പോലീസുകാരനെ കുത്തിയ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി
1533943
Tuesday, March 18, 2025 12:07 AM IST
ഗാന്ധിനഗർ: എസ്എച്ച് മൗണ്ടില്‍ സിവില്‍ പോലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ മോഷണം നടത്തിയ വീട്ടിലും പോലീസുകാരനെ കുത്തിയ സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച വൈകുന്നേരം അറസ്റ്റിലായ മള്ളൂശേരി പാലക്കുഴി അരുണ്‍ ബാബുവുമായാണ് ഗാന്ധിനഗർ പോലീസ് തെളിവെടുപ്പ് നടത്തിയത്.
നിരവധികേസുകളിലെ പ്രതിയാണ് അരുൺ ബാബു. ഇയാൾക്കെതിരേ കാപ്പാ നിയമം ഉള്‍പ്പെടെ ചുമത്തിയിരുന്നു. പൊൻകുന്നം സ്റ്റേഷൻ പരിധിയിൽ നിരവധികേസുണ്ട്. കഞ്ചാവ്, അടിപിടി കേസുകളാണ് കുടുതലും. വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയായ അരുണിനെ ഞായറാഴ്ച എസ്എച്ച് മൗണ്ടില്നിന്നു പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ ആരുൺ ബാബു കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇടതുചെവിയുടെ ഭാഗത്ത് കുത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ചിനു മള്ളൂശേരി കോയിത്തറ സോമാ ജോസി (65)നെയാണ് പ്രതി കെട്ടിയിട്ട് മൂന്നു പവന് സ്വര്‍ണവും രണ്ടായിരം രൂപയും കവര്‍ന്നത്. ഇന്നലെ പ്രതിയെ ഈ വീട്ടിലെത്തിച്ചു തെളിവെടുത്തു. തനിക്ക് പണത്തിന് ആവശ്യം വന്നതിനാലാണ് കവര്‍ച്ച ചെയ്തതെന്നും നാട്ടുകാര്‍ കാണാതിരിക്കാനാണ് മണിക്കൂറുകളോളം വീട്ടില്‍ ഇരുന്നതെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി.
വായില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണ് മാല ഊരി വാങ്ങിയത്. മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. മാലയും രൂപയും മാത്രമാണ് മോഷ്ടിച്ചെതെന്നുമാണ് ഇയാള്‍ തെളിവെടുപ്പ് വേളയില്‍ പോലീസിനോടു പറഞ്ഞത്. തെളിവെടുപ്പിനു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്ത്, എസ്ഐ അനുരാജ് എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.
അതേസമയം, ചികിത്സയില്‍ കഴിയുന്ന സിവില്‍ പോലീസ് ഓഫീസറുടെ ആരോഗ്യനില അപകടകരമല്ല. അരുൺ ബാബുവിനെ പിടികൂടാൻ പോലീസുകാർ ശ്രമിക്കുന്നതിനിടെ അരുണിന്റെ ഇടതു കൈയ്ക്കും വലതു കൈയുടെ വിരലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കൈയിൽ പ്ലാസ്റ്ററിട്ടു.