കരതിരിഞ്ഞ് കനത്ത മഴ; പലയിടങ്ങളിലും കാത്തിരിപ്പ് തുടരുന്നു
1533663
Sunday, March 16, 2025 11:50 PM IST
കുറവിലങ്ങാട്: വേനൽച്ചൂടിന് ആശ്വാസം സമ്മാനിച്ച് പലയിടങ്ങളിലും കനത്ത മഴ. എന്നാൽ വിളിപ്പാട് അകലെ മഴ പെയ്യുമ്പോഴും ചാറ്റൽ മഴയ്ക്ക് അപ്പുറത്തേക്ക് ആശ്വാസം ലഭിക്കാത്തതിന്റെ അസ്വസ്ഥത പലയിടങ്ങളിലും നിലനിൽക്കുന്നു. പല കരകളിലും മഴ പെയ്തെങ്കിലും സമീപത്തുള്ള പലയിടങ്ങളിലും മഴയ്ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കുറവിലങ്ങാട് പ്രദേശത്ത് ടൗണിലടക്കം ശക്തമായ മഴ ലഭിച്ചത്. എന്നാൽ തൊട്ടടുത്തുള്ള കോഴായുടെ സമീപസ്ഥലങ്ങളിലെല്ലാം ചാറ്റൽ മഴ മാത്രമാണ് ലഭിച്ചത്.
കനത്ത മഴ ലഭിച്ചത് കാർഷിക മേഖലയ്ക്ക് വലിയ ആശ്വാസം സമ്മാനിച്ചിട്ടുണ്ട്. എന്നാൽ തുടർന്ന് മഴ ലഭിച്ചില്ലെങ്കിൽ അപ്രതീക്ഷിതമായി ലഭിച്ച മഴ ഗുണത്തേക്കാളുപരി ദോഷം ചെയ്യുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. പലയിടങ്ങളിലും ശുദ്ധജലക്ഷാമം തലപൊക്കിയതിന് പിന്നാലെയാണ് ശക്തമായ ഒരു വേനൽ മഴ ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പലരും.