കുടിവെള്ള പദ്ധതിയുടെ പൈപ്പ് നശിപ്പിച്ചതായി പരാതി
1533986
Tuesday, March 18, 2025 12:07 AM IST
കാഞ്ഞിരപ്പള്ളി: കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമൂഹ്യവിരുദ്ധര്‍ മുറിച്ച് നശിപ്പിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡിലെ ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് നശിപ്പിച്ചിരിക്കുന്നത്. ഇതോടെ പമ്പ് ചെയ്യുമ്പോള്‍ വെള്ളം നഷ്ടമാകുന്ന സ്ഥിതിയാണ്. കുടിവെള്ള പ്രശ്നമേറെയുള്ള പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭിച്ചിരുന്ന പദ്ധതി ഇതോടെ നിര്‍ത്തിവച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു മാസം മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കിയത്. വേനലായതോടെ വെള്ളം വിലകൊടുത്ത് വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി ഉദ്ഘാടനത്തിന് മുന്‍പുതന്നെ കുടിവെള്ളം വിതരണം ആരംഭിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് ഈ പദ്ധതിയുടെ പൈപ്പും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡംഗം ബിജു പത്യാല പോലീസില്‍ പരാതി നല്കി.