മയക്കുമരുന്നിന് വഴിമാറി മദ്യം, കേസുകളേറെയും കഞ്ചാവിൽ
1533937
Monday, March 17, 2025 10:40 PM IST
കുറവിലങ്ങാട്: മദ്യത്തിന്റെ പേരിലുള്ള കേസുകൾ മയക്കുമരുന്നിന് വഴിമാറുന്നതായി കണക്കുകൾ. ഈ മേഖലയിൽ അടുത്ത നാളുകളിൽ എക്സൈസ് സംഘം നടത്തിയ ഇടപെടലുകളിലേറെയും മയക്കുമരുന്നുമായി ബന്ധപ്പെട്ടവയായിരുന്നു. അനധികൃത മദ്യശേഖരവും വ്യാജമദ്യവും ഈ മേഖലയിൽ കുറഞ്ഞു വരുന്നുണ്ട് .
എന്നാൽ, കുറയുന്ന മദ്യക്കേസുകളെക്കാൾ വലിയ നിരക്കിലാണ് മയക്കുമരുന്ന് കേസുകൾ തലപൊക്കുന്നത്. കുറത്ത അളവുകളിലാണ് മയക്കുമരുന്ന് പിടികൂടുന്നതെങ്കിലും കേസുകളിൽ ഏറെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതാണ്.
വിദ്യാർഥികളും യുവജനങ്ങളുമടക്കമുള്ളവരാണ് മയക്കുമരുന്ന് ഇടപാടുകളിലും ഉപയോഗത്തിലും ഉൾപ്പെടുന്നതെന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. സമീപ സ്ഥലങ്ങളിൽനിന്നാണ് ഈ മേഖലയിലേക്ക് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് എത്തിച്ചേരുന്നത് എന്നാണ് അധികൃതരുടെ നിരീക്ഷണം.
ഏതെങ്കിലും ഒരു സ്ഥലത്ത് എക്സൈസ് സംഘം പരിശോധന കർശനമാക്കിയാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കൂട്ടത്തോടെ മറ്റൊരു താവളം കണ്ടെത്തുന്ന രീതിയാണ് തുടരുന്നത്.
ഓൺലൈൻ സൈറ്റുകൾവഴി മിഠായി രൂപത്തിലുള്ള മയക്ക് മരുന്ന് ലഭ്യമാക്കി പങ്കുവയ്ക്കുന്ന രീതി സാധാരണമായിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ ബോധവത്കരണ ശ്രമങ്ങൾ ശക്തമാണെങ്കിലും അതൊന്നും കാര്യമായ ഫലം കാണുന്നില്ല.