നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധം : കിഴിവുകൊള്ളയ്ക്ക് ഒത്തുകളിക്കുന്നു: വി.ജെ. ലാലി
1533908
Monday, March 17, 2025 7:26 AM IST
കോട്ടയം: ജില്ലാ ഭരണകൂടവും പാഡി ഓഫീസും മില്ലുകാരും ഒത്തുകളിച്ച് നെല്‍ കര്‍ഷകനെ കിഴിവുകൊള്ളയ്ക്ക് ഇരയാക്കുകയാണെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി. ചിങ്ങവനം കരി-കുന്നക്കാട്ടുചിറ പാടശേഖരത്തില്‍ സംഭരിക്കാതിട്ടിരിക്കുന്ന നെല്‍ക്കൂനയ്ക്ക് മുമ്പില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നലെയും ശക്തമായ വേനല്‍ മഴ പെയ്തു. മഴ വന്നതോടെ പേടിപ്പിച്ച് കര്‍ഷകനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് മില്ലുകാര്‍ ചെയ്യുന്നതെന്നും പാഡി ഓഫീസും ജില്ലാ ഭരണകൂടവും അതിന് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും സമിതി ആരോപിച്ചു.
കഴിഞ്ഞ സീസണില്‍ 80 കോടി രൂപ കിഴിവ് കൊള്ളയിലൂടെ മാത്രം മില്ലുകാര്‍ അടിച്ചു മാറ്റിയെന്നും അതേക്കുറിച്ച് വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്നും സമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു.
കരി-കുന്നക്കാട്ടുചിറ പാടശേഖരത്തില്‍ 75 കര്‍ഷകരാണുള്ളത്. 6 നെല്ല് ദിവസമായി കൊയ്തിട്ടിരിക്കുന്നു. മില്ലുകാര്‍ വന്നുകണ്ടു വേണ്ടെന്നു പറഞ്ഞു പോകുകയാണ് ചെയ്തതെന്ന് കര്‍ഷകര്‍ പറഞ്ഞു. പാടശേഖര സമിതി കണ്‍വീനര്‍ കുരുവിള കെ.യുടെ അധ്യക്ഷതയില്‍ എന്കെഎസ്എസ് റീജണല്‍ സെക്രട്ടറി ജിക്കു കുര്യാക്കോസ്,
പാടശേഖര സമിതി പ്രസിഡന്റ് ജെറ്റി ജോര്‍ജ് കോലത്ത്, സെക്രട്ടറി രാജീവ് കെ.ആര്. കുറുപ്പംപറമ്പില്‍, അഭിഷേക് ബിജു, സാബു പൂവന്തറ, പുന്നൂസ് തോമസ്, പാപ്പച്ചന് കോയിത്തറ, കൊച്ചുമോന് മണ്ണാങ്കരിച്ചിറ, അനിയപ്പന് കെ. എന്നിവര്‍ പ്രസംഗിച്ചു.
കിഴിവുകൊള്ളയ്ക്ക് ഒത്താശയുമായി കളക്ടറും
കുമരകം: കൊയ്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ലു സംഭരിക്കാതെ ദ്രോഹിക്കുന്നതായി കർഷകർ. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാടശേഖരം 1800 ഏക്കറുള്ള ജെ ബ്ലോക്കിലെ നൂറുകണക്കിന് കർഷകരാണ് തങ്ങളുടെ നെല്ല് വിറ്റഴിക്കാനാകാതെ വലയുന്നത്.
വർഷത്തിൽ ഒരു കൃഷി മാത്രം ചെയ്യുകയും മേന്മയേറിയ നെല്ല് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കർഷകരാണ് കിഴിവ് തട്ടിപ്പില്ലാതെ തങ്ങളുടെ നെല്ല് സംഭരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടറുടെയും പാഡി മാർക്കറ്റിംഗ് ഓഫീസറുടെയുമെല്ലാം മുന്നിൽ കൂപ്പുകൈകളോടെ ആഴ്ചകളായി നിൽക്കുന്നത്.
നാളിതുവരെ കിഴിവു കൂടാതെ സംഭരണം നടന്നിരുന്ന ജെ ബ്ലോക്കിൽ ഇത്തവണ കഴിവ് കൂടാതെ നെല്ലു സംഭരിക്കില്ലെന്ന നിലപാട് സ്വകാര്യ മില്ലുകാർ സ്വീകരിച്ചതാണ് കർഷകർക്കു വിനയായത്. കർഷകർക്കൊപ്പം നിൽക്കേണ്ട കൃഷിവകുപ്പും മേലധികാരികളും സ്വകാര്യമില്ലുകാർക്കു വേണ്ടി വാദിക്കുന്ന ദുഃഖകരമായ സ്ഥിതിയാണിപ്പാേഴെന്നാണ് കർഷകർ പറയുന്നത്. ഒരു മണി നെല്ലുപോലും കിഴിവായി നൽകേണ്ടതില്ലെന്ന പാഡി മാർക്കറ്റിംഗ് ഓഫീസറുടെ ആദ്യ വാക്കിന് മണിക്കൂറുകളുടെ ആയുസുപോലും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
ജില്ലാ കളക്ടറെ നേരിട്ടു സമീപിച്ചപ്പോൾ കിഴിവു നൽകി നെല്ലു നൽകാനായിരുന്നു ഉപദേശം. മില്ലുകാരുടെ എജന്റിന് വേണ്ടപ്പെട്ട 10 കർഷകർ ഇതിനിടെ ക്വിന്റ്ലിന് രണ്ടു കിലോ കിഴിവു സമ്മതിച്ചു നെല്ലു നൽകി മറ്റു കർഷകരെ ചതിക്കുകയും ചെയ്തു. ഇതോടെ എല്ലാ കർഷകരും രണ്ടു കിലോ നെല്ല് കിഴിവു നൽകേണ്ടിവരുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്.
ഇന്നലെയും വേനൽമഴ പെയ്തതിനാൽ മില്ലുകാരുടെ ആവശ്യം അംഗീകരിക്കേണ്ട ദുരവസ്ഥയിലാണ് കർഷകർ. പാടത്തും പാടവരമ്പിലും കൂട്ടിയിട്ടിരിക്കുന്ന നെല്ല് കേടുകൂടാതെ അധികനാൾ സൂക്ഷിക്കാൻ കർഷകനു കഴിയില്ല. ഇതാണ് ഏജന്റുമാരുടെ പിടിവാശിക്കു പിൻബലം.