തിരുവനന്തപുരത്തേക്ക് ട്രെയിനില്ല; യാത്രക്കാർക്ക് ദുരിതം
1534073
Tuesday, March 18, 2025 2:51 AM IST
ഏറ്റുമാനൂർ: തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരികെയുമുള്ള ട്രെയിനുകൾക്ക് ഏറ്റുമാനൂർ റെയിൽവേസ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യം അംഗീകരിക്കപ്പെടാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.
ജോലിക്കും ചികിത്സാവശ്യങ്ങൾക്കുമായി തിരുവനന്തപുരത്തിനു പോകുകയും മടങ്ങുകയും ചെയ്യേണ്ട നൂറുകണക്കിന് യാത്രക്കാർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. മലബാർ എക്സ്പ്രസ് രാവിലെ 4.40നും വഞ്ചിനാട് എക്സ്പ്രസ് രാവിലെ 6.15നും ഏറ്റുമാനൂർ കടന്ന് തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. ഈ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ സെക്രട്ടേറിയറ്റിലും ഓഫീസുകളിലും ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളിലും സമയത്തെത്താൻ സാധിക്കും.
തിരികെ രാത്രി 9.20ന് ഏറ്റുമാനൂർ കടന്നു പോകുന്ന വഞ്ചിനാടിനും 10.10ന് പോകുന്ന മലബാർ എക്സ്പ്രസിനും യാത്രക്കാർക്ക് തിരികെ എത്താനും സാധിക്കും.
കുറവിലങ്ങാട്, കാണക്കാരി, വയല, കല്ലറ, അതിരമ്പുഴ, ഏറ്റുമാനൂർ, കിടങ്ങൂർ, പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാർ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി വേണം യാത്രചെയ്യാൻ. ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ വിശാലമായ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാർക്കു പ്രയോജനപ്പെടും. ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തീർഥാടന കേന്ദ്രങ്ങളായ മാന്നാനം, അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം പള്ളികൾ, ഏറ്റുമാനൂർ ഐടിഐ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, എംജി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടവർക്കും എളുപ്പമാകും.
അമൃത ഭാരത് പദ്ധതിപ്രകാരം വിപുലമായ പാർക്കിംഗ് സൗകര്യവും നൂറിലേറെ യാത്രക്കാർക്കുള്ള വിശ്രമ മുറിയുമെല്ലാം സജ്ജമാണെങ്കിലും ട്രെയിനുകൾ ഇവിടെ നിർത്തുന്നില്ല എന്നതാണ് അവസ്ഥ.
വഞ്ചിനാടിനും മലബാറിനും സ്റ്റോപ്പ് അനുവദിക്കണമെന്നത് ഒന്നര പതിറ്റാണ്ടിലേറെ മുമ്പു മുതലുള്ള ആവശ്യമാണ്. ഈ കാലഘട്ടങ്ങളിലെ എംപിമാർ റെയിൽവേ കേന്ദ്രങ്ങളിൽ ആവശ്യം ഉന്നയിക്കുമ്പോഴെല്ലാം പാത ഇരട്ടിപ്പിക്കൽ കഴിയുമ്പോൾ പരിഗണിക്കുമെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. എന്നാൽ പാത ഇരട്ടിപ്പിക്കലിനു ശേഷവും തുടരുന്ന അവഗണനയ്ക്ക് യാതൊരു ന്യായീകരണവുമില്ല.
പ്രതിഷേധ സംഗമം നടത്തും
ഏറ്റുമാനൂരിൽ വഞ്ചിനാട് എക്സ്പ്രസിനും മലബാർ എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രക്കാരെയും വ്യാപാരി വ്യവസായികളെയും സംഘടിപ്പിച്ച് 24ന് രാവിലെ 7.45ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്തും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ പ്രസംഗിക്കും.