ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന്
1533948
Tuesday, March 18, 2025 12:07 AM IST
കോട്ടയം: ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോസ് പുത്തന്‍കാല ഇന്ന് അവതരിപ്പിക്കും. സ്കൂള്‍, കോളജ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രചാരണങ്ങള്‍, ടെലിഫിലിം, ഡോക്യുമെന്ററി, ലഘുലേഖ വിതരണം, കൂട്ടയോട്ടങ്ങള്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ജില്ലാ പോലീസ്, എക്സൈസ്, പഞ്ചായത്ത്, ബ്ലോക്ക് ഭരണസമിതികള്‍ എന്നിവയുമായി ചേര്‍ന്നാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍. അടുത്തനാളില്‍ ലഹരിക്കേസുകളില്‍ സ്കൂള്‍ കുട്ടികളടക്കം നിരവധിപ്പേരാണ് ജില്ലയില്‍ പിടിയിലായത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ബോധവതകരണ പ്രവര്‍ത്തനങ്ങൾ നടപ്പാക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും ബജറ്റില്‍ പ്രഖ്യാപിക്കും.
റബര്‍, നെല്‍കൃഷി എന്നിവയ്ക്കും കര്‍ഷകര്‍ക്കും പ്രോത്സാഹനം നല്കുന്ന വിവിധ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ആറുമാസം ബാക്കി നില്‍ക്കെ അടുത്ത ഒരുവര്‍ഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇന്നു രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷതവഹിക്കും.