മാഞ്ഞൂരിലെ കര്‍ഷകര്‍ക്ക് പറയാന്‍ ഏറെയുണ്ട്; കേൾക്കാനാളില്ല
1533919
Monday, March 17, 2025 7:36 AM IST
കടുത്തുരുത്തി: അന്നമൂട്ടുന്ന കര്‍ഷകന്റെ രോദനം കേള്‍ക്കാന്‍ ആരുണ്ട്? മാഞ്ഞൂരിലെ കര്‍ഷകര്‍ക്ക് അധികാരികളോട് പറയാന്‍ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടുകയാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മേമ്മുറിയിലെ നാമംകരി-വള്ളൂക്കണ്ടംകരി പാടശേഖരത്തെ കര്‍ഷകര്‍. 25 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 33 കര്‍ഷകരാണുള്ളത്. കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം ഈ വര്‍ഷത്തെ പുഞ്ചക്കൃഷിക്കായി വിത്ത് വിതച്ചതാണ്. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കൃഷി വെള്ളത്തില്‍ മുങ്ങി നശിച്ചു.
ജനുവരി ഏഴിന് കൃഷി വകുപ്പ് നല്കിയ വിത്ത് ഉപയോഗിച്ചു വീണ്ടും കൃഷിയിറക്കി. 75 ദിവസത്തോളം പിന്നിട്ട നെല്‍ക്കൃഷിയാണ് ഇവിടെയുള്ളത്. മേയ് ആദ്യവാരത്തില്‍ മാത്രമേ വിളവെടുക്കാറാവുകയുള്ളൂ. ഈ പാടശേഖരത്തിന് ചുറ്റും ഏക്കര്‍ കണക്കിന് വരുന്ന പാടശേഖരങ്ങളാണുള്ളത്. ഇതില്‍ പലതിലും വിളവെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു.
കുറുപ്പന്തറ കടവ്-പൂവാശേരി തോടിനോട് ചേര്‍ന്നാണ് ഈ പാടശേഖരമുള്ളത്. വേനല്‍ക്കാലത്തും ജലസമൃദ്ധമായ തോടാണിത്. പാടശേഖരവും തോടും തമ്മിലുള്ള പുറംബണ്ടിന്റെ ഉയരം തോട്ടിലെ ജലനിരപ്പിനേക്കാള്‍ ഏതാണ്ട് ഒന്നരയടി മാത്രമേയുള്ളൂ. ശക്തമായ മഴ പെയ്താല്‍ തോട്ടിലെ ജലനിരപ്പുയര്‍ന്ന് പാടത്തേക്ക് വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണ്. മോട്ടോര്‍പുരയും മോട്ടോറും പെട്ടിയും പറയും എല്ലാം പാടശേഖരത്തിനുണ്ട്.
എന്നാല്‍, ഇവയെല്ലാം പുറം ബണ്ടിനേക്കാള് താഴ്ന്നാണ് ഇരിക്കുന്നത്. ജലനിരപ്പ് ഉയരുമ്പോള്‍തന്നെ മോട്ടോര്‍ പുരയും മുങ്ങും. ഇതോടെ വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പെട്ടിയും പറയും തുരുമ്പെടുത്ത് പ്രയോജനപ്രദമാകാത്ത അവസ്ഥയിലാണ്. മോട്ടോര്‍ പുര ഉയര്‍ത്തി നിര്‍മിക്കുകയും 15 എച്ച്പിയുടെ ആധുനിക നിലവാരത്തിലുള്ള മോട്ടോറും പമ്പ് സെറ്റും സ്ഥാപിക്കണമെന്നതും കൃഷിക്കാരുടെ ഏറെക്കാലങ്ങളായുള്ള ആവശ്യമാണ്.
പുറംബണ്ട് ബലപ്പെടുത്തണം
അഞ്ച് വര്‍ഷം മുമ്പ് പുറം ബണ്ട് ബലപ്പെടുത്താനായി 20 ലക്ഷം രൂപയുടെ ജില്ലാ പഞ്ചായത്ത് പദ്ധതി ഇവിടെ നടപ്പാക്കിയിരുന്നു. ബണ്ട് രൂപപ്പെടുത്താതെയായിരുന്നു പദ്ധതി നടപ്പാക്കിയതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. തോട്ടിലെ ചെളി കോരിവച്ചു നിര്‍മിച്ച ബണ്ട് മഴ എത്തിയതോടെ തോട്ടിലേക്കു തന്നെ ഒഴുകിപ്പോയി. പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിച്ചില്ല.
പുറംബണ്ട് ബലപ്പെടുത്താതെ ഇവിടെ കൃഷിയിറക്കിയിട്ട് കാര്യമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ശക്തമായൊരു മഴ പെയ്താല്‍ കൃഷി വെള്ളത്തിലാകും. ഇതോടെ കര്‍ഷകര്‍ കടക്കെണിയിലുമാകും.
കൃഷികൊണ്ട് ലാഭമില്ല
കഴിഞ്ഞ രണ്ടു വര്‍ഷവും കൃഷികൊണ്ട് കര്‍ഷകര്‍ക്ക് നേട്ടുമുണ്ടായില്ല. വെള്ളം വറ്റാന്‍ വൈകുന്നതിനാല്‍ മഴ മാറിയശേഷം വൈകി മാത്രമേ ഇവിടെ വിതയ്ക്കാനാകൂ. കഴിഞ്ഞ വര്‍ഷം കടുത്ത വേനല്‍ കാരണം എട്ട് ക്വിന്റല്‍ വരെയാണ് ഒരേക്കറില്‍നിന്ന് വിളവ് കിട്ടിയത്. അതിന് മുന്‍വര്‍ഷം ബാക്ടീരിയല്‍ രോഗം വന്നും കര്‍ഷകര്‍ക്ക് വിളവ് ലഭിക്കാത്ത അവസ്ഥയുണ്ടായി. ബണ്ടിന് ഉയരമുണ്ടായിരുന്ന കാലത്ത് നവംബര്‍ ആദ്യവാരത്തില്‍ കൃഷിയിറക്കാന്‍ സാധിച്ചിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബണ്ട് ഇടിഞ്ഞു പോകാന്‍ തുടങ്ങിയതോടെ വളരെ വൈകിയാണ് ഇവിടെ കൃഷി ആരംഭിക്കാന്‍ കഴിയുന്നത്. 26 ക്വിന്റല്‍ നെല്ലുവരെ ഒരേക്കറില്‍നിന്ന് ലഭിച്ചിരുന്നതാണ് കാലം തെറ്റിയുള്ള വിതമൂലം കര്‍ഷകര്‍ക്ക് ഇത്രയേറേ നഷ്ടമുണ്ടാക്കിയിരിക്കുന്നത്.
നീരൊഴുക്കില്ലാതെ തോട്
പാടശേഖരത്തോട് ചേര്‍ന്നുള്ള കുറുപ്പന്തറ കടവ്-പൂവാശേരി തോട് പുല്ലും പായലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. പാടശേഖരത്തേക്കുള്ള പ്ലാക്കിത്താഴെ തോട് ഉള്‍പ്പെടെ ചെറുതോടുകളും അടഞ്ഞ നിലയിലാണ്. വെള്ളം ഒഴുകിപ്പോകാന്‍ മര്ഗമില്ലാത്തതിനാല് പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്.
തോട് തെളിക്കാനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പലതവണ എസ്റ്റിമേറ്റ് എടുത്ത് പോയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പരാതി പറഞ്ഞു മടത്തു
പാടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്ന് കര്‍ഷകര്‍ പറയുന്നു. യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. പദ്ധതികളും ആനുകൂല്യങ്ങളും ധാരാളം കര്‍ഷകര്‍ക്ക് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതല്ലാതെ തങ്ങള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കൃഷിയില്‍നിന്ന് പിന്മാറാനാണ് കർഷകരുടെ തീരുമാനം.
പേരിനൊരു പാലം
നാമംകരി-വള്ളൂക്കണ്ടംകരി പാടശേഖരത്തിന്റെ ഒരു ഭാഗത്ത് തോടിനു കുറുകേ നിര്‍മിച്ചിരിക്കുന്ന പാലം കാണേണ്ട കാഴ്ചയാണ്. കൊയ്ത്തുയന്ത്രം പാടശേഖരത്തിന്റെ ഒരു ഭാഗത്തുനിന്നും തോടിനപ്പുറത്തേക്ക് എത്തിക്കാനായി നിര്‍മിച്ചതാണ് പാലം. ഈ ഭാഗത്തേക്ക് കൊയ്ത്തുയന്ത്രം എത്തണമെങ്കില്‍ ഒരു കിലോമീറ്ററിലധികം ദൂരം ചുറ്റിത്തിരിഞ്ഞു വരണം. ഇതിനു പരിഹാരമെന്ന നിലയിലാണ് ഇവിടെ പാലം നിര്‍മിച്ചത്. ഇരുവശത്തേക്കും യന്ത്രം കയറിയിറങ്ങാനായി റാമ്പ് സ്ഥാപിച്ചിട്ടില്ല. ഇതുമൂലം പദ്ധതികൊണ്ടുള്ള പ്രയോജനം കര്ഷകര്ക്കുണ്ടായില്ല.
ബണ്ടില്നിന്നും ഉയര്‍ന്നു നില്ക്കുന്ന കോണ്‍ക്രീറ്റ് പാലത്തില്‍ എങ്ങനെ കയറുമെന്ന് കര്‍ഷകര്‍ക്കുമറിയില്ല. അഞ്ച് ലക്ഷം രൂപ മുടക്കി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നാലു വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ഈ പാലം. പദ്ധതികള്‍ ധാരാളം നടപ്പാക്കുന്നുണ്ട്. ഫണ്ടും ചെലവഴിക്കുന്നുണ്ട്.
എന്നാല്‍, ഇതുകൊണ്ടുള്ള പ്രയോജനം ആര്‍ക്കാണ് ലഭിക്കുന്നതെന്ന് അറിയില്ലെന്നു കര്‍ഷകര്‍ പറയുന്നു.