വാഹനാപകടത്തിൽ യുവാവ് മരിച്ചത് വെച്ചൂർ ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി
1533922
Monday, March 17, 2025 7:36 AM IST
വെച്ചൂർ: വെച്ചൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ടുകാരനായ യുവാവ് മരണപ്പെട്ടത് വെച്ചൂർ ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ വൈകുന്നേരം വീട്ടിൽനിന്നു കായലോരത്തേക്ക് സുധീഷ് ചൂണ്ടയിടാൻ പോകുമ്പോഴായിരുന്നു അപകടം.
നല്ല പെരുമാറ്റത്താൽ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു സുധീഷ്. നിർധനകുടുംബത്തിന് താങ്ങായിരുന്ന യുവാവിന്റെ അകാല വേർപാട് കുടുംബത്തിനു കനത്ത ആഘാതമായി. അപകടത്തിൽ കണ്ടക്ടറക്കടക്കം 16 പേർക്ക് പരിക്കേറ്റു. ഇതിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമാണ്.
അപകടസമയത്ത് അതുവഴി കടന്നുവന്ന വാഹനങ്ങൾ പലതും നിർത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതിനാലാണ് സമയത്ത് ചികിത്സ ഉറപ്പാക്കാനായത്.
അപകടത്തിനു കാരണം ബസിന്റെ തകരാറെന്ന്
വെച്ചൂർ: ഇന്നലെ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിയിടിച്ചു യുവാവ് മരണപ്പെട്ട സ്ഥലത്തിനു സമീപം മുമ്പും വാഹനാപകടത്തിൽ ആളപായമുണ്ടായിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ബസ് ബൈക്കുമായി കൂട്ടിയിടിച്ചു ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ തത്ക്ഷണം മരിച്ചിരുന്നു. അന്ന് ബസിന്റെ യന്ത്രത്തകരാറായിരുന്നു അപകടത്തിനിടയാക്കിയത്.
ഇന്നലെ നടന്ന അപകടത്തിലും ബസിന്റെ യന്ത്രത്തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. നിയന്ത്രണം വിട്ട ബസ് എതിർദിശയിലേക്ക് വന്നു മരത്തിലിടിച്ചാണ് നിന്നത്.