കുടുംബനാഥന്മാർ കാവലാളാകണം: മാര്‍ ജോസ് പുളിക്കല്‍
1533984
Tuesday, March 18, 2025 12:07 AM IST
കാഞ്ഞിരപ്പള്ളി: വിശുദ്ധ യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍നിന്നു രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാന്‍ പിതാക്കന്മാര് ശ്രദ്ധിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിതൃസംഗമം "പിതൃഹൃദയത്തോടെ' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിതൃവേദി എല്ലാ ഇടവകകളിലും ശക്തീകരിക്കണം. ജൂബിലിവര്‍ഷം തിരിഞ്ഞുനോട്ടത്തിന്റെയും നന്ദിപ്രകാശനത്തിന്റെയും പുത്തന്‍തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെയും സമയമാണ്. ഏതെങ്കിലും മേഖലകളില്‍ വീഴ്ചയുണ്ടെങ്കില്‍ അതു തിരുത്തി കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഒരുമിച്ചു മുന്നേറണം. സഭയാകുന്ന അമ്മയോട് ചേര്‍ന്ന് സമൂഹത്തിന്റെ ഉന്നമനത്തിനായി ഉറച്ച നിലപാടുകള്‍ എടുത്ത രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജോസഫ് പവ്വത്തില്‍ നമുക്ക് മാതൃകയാണെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ഡോ. സാജു കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, സെബാസ്റ്റ്യന്‍ താന്നിക്കല്‍, ഷിജോ തോണിയാങ്കല്‍, റെജി കൈപ്പന്‍പ്ലാക്കല്‍ എന്നിവർ പ്രസംഗിച്ചു.
ജോസഫ് നാമധാരികളായ എല്ലാ പിതാക്കന്മാരെയും യോഗമധ്യേ അനുമോദിച്ചു. പിതാക്കൻമാർ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രൂപതയിലെ പതിമൂന്നു ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നുള്ളവർ സംഗമത്തിൽ പങ്കെടുത്തു.