ജനകീയ സമരങ്ങളോട് അധികാരകേന്ദ്രങ്ങള്‍ക്ക് പുച്ഛഭാവം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
1533945
Tuesday, March 18, 2025 12:07 AM IST
മാടപ്പള്ളി: സമരങ്ങള്‍ നടത്തി ശക്തി സംഭരിച്ച് അധികാരത്തില്‍ വന്ന പാര്‍ട്ടിയും സര്‍ക്കാരും അടിസ്ഥാന ജനവിഭാഗങ്ങളുടെ സമരങ്ങളെ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും ബാലിശവും ഇരട്ടത്താപ്പുമാണെന്ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കെ റെയില്‍ പദ്ധതിയുടെ മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ എത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിരോധിച്ചവര്ക്കുനേരേ പോലീസ് നടത്തി അതിക്രത്തിന്റെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ പ്രതിഷേധം ജനകീയ സമരങ്ങള്‍ക്ക് മാതൃകയായതിനൊപ്പം അധികാരകേന്ദ്രങ്ങളെ മുട്ടുകുത്തിച്ച സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരങ്ങള്‍ക്ക് ഇടവേളകള്‍ ഇല്ല എന്ന വി.എസ്. അച്യുതാനന്ദന്റെ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നത്. ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരുമടക്കം സമരം ചെയ്യേണ്ടിവരുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത് ഭൂഷണമല്ലെന്നും മാര്‍ കുറിലേസ് പറഞ്ഞു.
ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സി.ആര്.നീലകണ്ഠന്, എം.പി. മത്തായി, ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, കുഞ്ഞുകോശി പോള്‍, ഡോ. റൂബിള്‍രാജ്, സലിം പി. മാത്യു, സുധാ കുര്യന്, ബേബി ജോസഫ്, ടി.എ.സ്. സലിം, ബാബു കുരീത്ര, വര്‍ഗീസ് ആന്റണി, ജയിംസ് കാലാവടക്കന്‍, സിബി ചാമക്കാല, സിബിച്ചന് പ്ലാമ്മൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.