തിരുനക്കരയില്‍ ഉത്സവമേളം : കഥകളി മഹോത്സവത്തിന് ഇന്നു തുടക്കം
1533910
Monday, March 17, 2025 7:26 AM IST
കോട്ടയം: ക്ഷേത്രചടങ്ങുകള്ക്കൊപ്പം കലാരൂപങ്ങളും കലാവിരുന്നും മേളവും ആനയും പൂരവുമായി തിരുനക്കരയില്‍ ഉത്സവമേളം. തിരുനക്കര തേവരുടെ ഉത്സവത്തിനു കൊടിയേറിയതോടെ കോട്ടയം പട്ടണം ഉത്സവത്തിമിര്‍പ്പിലായി.
ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ ഉത്സവബലി ദര്‍ശനത്തിനു ഇന്നലെ തുടക്കമായി. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെയാണ് ഉത്സവബലി ദര്‍ശനം.
രാവിലെ 7.30 മുതല്‍ മുതല്‍ 10.30 വരെ ശ്രീബലി എഴുന്നള്ളിപ്പും വൈകുന്നേരം അഞ്ചിന് ദേശതാലപ്പൊലിയും ആറിന് ദീപാരാധനയുമുണ്ട്. രാത്രി ഒമ്പതിന് കൊടിക്കീഴില്‍ വിളക്കോടെയാണ് ക്ഷേത്രാചാര ചടങ്ങുകള്‍ സമാപിക്കുക.
സമയക്രമത്തില്‍ മാറ്റങ്ങളോടെയാണ് ഇത്തവണ കലാപരിപാടികള്‍. ഗാനമേളയുടെ സമയത്തിലാണ് പ്രധാന മാറ്റം. രാത്രി 8.30നാണ് ഗാനമേള ആരംഭിക്കുന്നത്. മുന്‍ കാലങ്ങളില്‍ രാത്രി ഏറെ വൈകിയായിരുന്നു ഗാനമേള ആരംഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ക്രമസമാധാനപ്രശ്നം മുന്‍നിര്‍ത്തി പോലീസിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
ഉത്സവത്തോടനുബന്ധിച്ചുള്ള കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘമാണ് നളചരിതം മൂന്നാം ദിവസം എന്ന കഥ ഇന്ന് അരങ്ങിലെത്തിക്കുന്നത്. ബാലി വിജയം കഥയും ഇന്ന് അരങ്ങിലെത്തും. അഞ്ചാം ഉത്സവദിനമായ 19ന് രാത്രി 10ന് കല്യാണസൗഗന്ധികം, ദക്ഷയാഗം കഥകളും അരങ്ങിലെത്തും.
ഉത്സവത്തോടനുബന്ധിച്ച് പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് കാർണിവലും ആരംഭിച്ചിട്ടുണ്ട്.