ചിറ്റാർ -ആമീറ്റുപ്പള്ളി റോഡിന് ശാപമോക്ഷമാകുന്നു
1533979
Tuesday, March 18, 2025 12:07 AM IST
ചിറ്റാർ: കഴിഞ്ഞ നാലു വർഷമായി അധികാരികൾ തിരിഞ്ഞു നോക്കാതെ മെറ്റലിളകി കുണ്ടും കുഴിയുമായി കാൽനട യാത്രപോലും ദുരിതപൂർണമായി കിടന്നിരുന്ന ചിറ്റാർ -ആമേറ്റുപള്ളി- ഇരട്ടയാനി റോഡിന് ശാപമോക്ഷമാകുന്നു.
ചിറ്റാർ -ആമേറ്റുപള്ളി റോഡ് നന്നാക്കാനുള്ള ഫണ്ട് അനുവദിക്കപ്പെട്ടതോടെ നിർമാണം ആരംഭിച്ചു. ഏറ്റവും തകർന്നു കിടന്നിരുന്ന ചിറ്റാർ -ആമേറ്റുപള്ളി റോഡിൽ പഞ്ചായത്ത് അംഗം ഗിരിജ ജയൻ അനുവദിച്ച തുകയിൽ പകുതി പൂർത്തിയായി. ഗിരിജ ജയൻ 13 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കൻ ഈ റോഡിനു 10 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ജോബിഷ് തേനാടികുളത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ നിരന്തര പോരാട്ടമാണ് റോഡിന്റെ ശാപമോക്ഷത്തിനു കാരണമായിരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ പുറംലോകത്തെ അറിയിക്കാൻ ദീപികയും രംഗത്തിറങ്ങിയിരുന്നു. ഇപ്പോൾ റോഡിനുവേണ്ടി ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കുന്നതിൽ മത്സരിക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് അധികാരികളുടെ അവഗണനമൂലം മെറ്റൽ ഇളകി കിടന്നത്.