പരീക്ഷാസമയത്ത് ഗതാഗതം തടഞ്ഞ് റോഡ് നവീകരണം; പ്രതിഷേധമുയർന്നു
1533928
Monday, March 17, 2025 7:40 AM IST
നെടുംകുന്നം: സ്കൂൾ പരീക്ഷകൾ നടക്കുന്നതിനിടെ റോഡ് ഗതാഗതം തടസപ്പെടുത്തിയതിനെതിരേ ശക്തമായ പൊതുജന പ്രതിഷേധം. കറുകച്ചാൽ-മണിമല റോഡിൽ ഇന്നു മുതൽ നവീകരണ ജോലി ആരംഭിക്കുന്നതിനാൽ ഇന്നലെ ഉച്ചയ്ക്കുശേഷം മണിമല റോഡിൽ കറുകച്ചാൽ മുതൽ കോവേലി വരെയുള്ള ഭാഗത്തെ ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കഴിഞ്ഞദിവസം പിഡബ്ള്യുഡി അറിയിപ്പ് നൽകിയിരുന്നു.
എസ്എസ്എൽസി പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ ഗതാഗതം തടസപ്പെടുന്നത് വിദ്യാർഥികളെയും സ്കൂൾ അധികൃതരെയടക്കം ബുദ്ധിമുട്ടിലാക്കും. നെടുംകുന്നത്ത് മൂന്ന് സ്കൂളുകളിലാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. ഗതാഗതം പൂർണമായി തടസപ്പെടുത്തിയാൽ വിദ്യാർഥികൾ എങ്ങനെ സ്കൂളിലെത്തുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ചോദിച്ചത്.
പ്രതിഷേധത്തെത്തുടർന്ന് പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർഥികൾക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും സ്കൂൾ ബസുകളും സ്വകാര്യബസുകളും ആ സമയങ്ങളിൽ കടത്തിവിടാൻ സൗകര്യമൊരുക്കുമെന്നും പിഡബ്ള്യുഡി അധികൃതർ അറിയിച്ചു.