വാഴൂര്‍ 110 കെവി സബ് സ്റ്റേഷന് ഏപ്രില്‍ എട്ടിന് ഉദ്ഘാടനം ചെയ്യും
1534065
Tuesday, March 18, 2025 2:40 AM IST
വാഴൂര്‍: വാഴൂര്‍ 110 കെവി സബ്സ്റ്റേഷന് ഏപ്രില്‍ എട്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്റ്റേഷനുള്ള ആകെ നിര്‍മാണച്ചെലവ്.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലേക്ക് പാമ്പാടി 110 കെവി, കാഞ്ഞിരപ്പള്ളി 110 കെവി, കറുകച്ചാല്‍ 33 കെവി സബ് സ്റ്റേഷനുകളില്‍നിന്നാണ് നിലവില്‍ വൈദ്യുതി എത്തുന്നത്. വൈദ്യുതി മുടക്കത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും ഇതോടെ പരിഹാരമായി. ഈ വിഷയം ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പുതിയ സബ് സ്റ്റേഷനുള്ള അനുമതിക്കായി വൈദ്യുതി വകുപ്പിന് നിരന്തരം നിവേദനം സമര്‍പ്പിക്കുകയും നിയമസഭയില്‍ സബ്മിഷന് അവതരിപ്പിക്കുകയും ചെയ്തത് പരിഗണിച്ചാണ് ഭരണാനുമതി ലഭിച്ചത്.
പള്ളം കാഞ്ഞിരപ്പള്ളി 220 കെവി ലൈനില്‍നിന്നാണ് വാഴൂര്‍ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 12.5 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് പുതിയ ഫീഡറുകളാണ് വൈദ്യുതി പുറത്തേക്ക് പോകുന്നതിന് നിര്‍മിച്ചിട്ടുള്ളത്.
മൂന്നു ഫീഡറുകള്‍ വാഴൂര്‍ സെക്ഷനിലേക്കും രണ്ടു ഫീഡര്‍ പത്തനാട് സെക്ഷനിലേക്കും ഒരു ഫീഡര്‍ പള്ളിക്കത്തോട് സെക്ഷനിലേക്കുമാണ് അലോട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വാഴൂര്‍ സെക്ഷന്‍ പുറമേ പത്തനാട്, പൊന്‍കുന്നം, പാമ്പാടി, പള്ളിക്കത്തോട് എന്നിവയുടെ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തടസരഹിതമായി വൈദ്യുതി എത്തിക്കാനാകും.
പുതിയ സബ് സ്റ്റേഷന് അനുയോജ്യമായ ഏകദേശം 127 സെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിരുന്നു. ഉദ്ഘാടനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വാഴൂര്‍ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്ന് സ്വാഗതസംഘം രൂപീകരിച്ചതായും ചീഫ് വിപ്പ് അറിയിച്ചു.