മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1533936
Monday, March 17, 2025 10:40 PM IST
പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും തയാറാകണമെന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍നിന്നു തുടക്കംകുറിച്ച വാര് എഗന്‍സ്റ്റ് ഡ്രഗ്സ്, സേ നോ ടു ഡ്രഗ്സ് പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ് കല്ലറങ്ങാട്ട്.
ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരേ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്കു സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ പ്രയോഗിക്കണമെന്ന് അദ്ദേഹംപറഞ്ഞു. ലഹരി നാം ഉപയോഗിക്കില്ല എന്ന കരുത്തുറ്റ ഒരു ലോക്ഡൗണ്‍ നാം സ്വികരിക്കേണ്ടതായിട്ടുണ്ടെന്നും ബിഷപ് ഓര്‍മിപ്പിച്ചു.
ആദ്യദിനമായ ഇന്നലെ പാലാ മുനിസിപ്പല്‍ ഏരിയായില്‍ ഡോര്‍ ടു ഡോര്‍ പ്രചാരണ പരിപാടിയില്‍ പാലാ സെന്റ് തോമസ് കോളജ്, അല്‍ഫോന്‍സാ കോളജ്, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുനിസിപ്പല്‍ അതിര്‍ത്തിയിലെ വിവിധ കോളനികള്‍, ഓട്ടോറിക്ഷാ സ്റ്റാന്റ്, വിവിധ ഭവനങ്ങള്‍ എന്നിവിടങ്ങളിലും ലഹരിവിരുദ്ധ സേനാംഗങ്ങള്‍ ആളുകളുമായി ആശയവിനിമയം നടത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു.
ഇന്നു രാമപുരം, കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളില്‍ പ്രചാരണ പരിപാടികള്‍ തുടരും.
സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വൈദികര്‍, സിസ്റ്റേഴ്സ്, അല്മായര്, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് കെ.കെ. ജോസ്, സാബു ഏബ്രഹാം, ജോസ് കവിയില്‍, ആന്റണി മാത്യു തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.
പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസുകള്‍, ഡോര്‍ ടു ഡോര്‍ ബോധവത്കരണം, കോളനികള്‍, ടാക്സി, ഓട്ടോ, ബസ് സ്റ്റാന്റുകള്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.