വായനശാലകൾ മൂല്യബോധന പ്രവർത്തനങ്ങൾക്ക് വേദിയാകണം: ഫ്രാൻസിസ് ജോർജ് എംപി
1534071
Tuesday, March 18, 2025 2:40 AM IST
ഏറ്റുമാനൂർ: വായനശാലകൾ കാലാനുസൃതമായ മൂല്യബോധന പ്രവർത്തനങ്ങൾക്ക് വേദിയാകണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ബാലകലോത്സവ വിജയികൾക്കുള്ള പുരസ്കാരങ്ങളും വിവിധ എൻഡോവ്മെന്റ് കാഷ് അവാർഡുകളും വിതരണം ചെയ്തു. ബാലകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള എവറോളിംഗ് ട്രോഫി മേരിമൗണ്ട് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ലിസി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ലൈബ്രറി ശതാബ്ദി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, ഏറ്റുമാനൂർ സഹകരണ ബാങ്ക് ഡയറക്ടർ ജോയി പൂവംനിൽക്കുന്നതിൽ, സാഹിത്യകാരി ജയശ്രീ പള്ളിക്കൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വി.ആർ. ജയചന്ദ്രൻ, വി.കെ. ജിനചന്ദ്രബാബു, അഡ്വ. മൈക്കിൾ ജയിംസ്, ഡോ. വിദ്യ ആർ. പണിക്കർ, കൺവീനർ അൻഷാദ് ജമാൽ, എ.പി. സുനിൽ, രാജു ഏബ്രഹാം, ശ്രീകുമാർ വാലയിൽ എന്നിവർ പ്രസംഗിച്ചു. കവിയും തിരക്കഥാകൃത്തും സംവിധായകനുമായ എലിക്കുളം ജയകുമാറിനെ ആദരിച്ചു.
കുട്ടികൾക്കായി എലിക്കുളം ജയകുമാർ സംവിധാനം ചെയ്ത, മയക്കുമരുന്നിനും ലഹരിയ്ക്കുമെതിരേ പ്രതിരോധം തീർക്കുന്ന “മരുന്ന്’’ എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ പ്രദർശനവും അഭിനേതാക്കളുമായി സംവാദവും നടത്തി.