എസി റോഡ് ഇരുട്ടില്‍; വഴിവിളക്ക് സ്ഥാപിക്കല്‍ നീളുന്നു
1534064
Tuesday, March 18, 2025 2:39 AM IST
ചങ്ങനാശേരി: നിര്‍മാണം പൂര്‍ത്തീകരണത്തിലേക്കു നീങ്ങുമ്പോഴും വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നീളുന്നു. ചങ്ങനാശേരി-ആലപ്പുഴ റോഡ് ഇരുട്ടില്‍. റോഡ് നിര്‍മാണം തൊണ്ണൂറു ശതമാനത്തോളം എത്തിനില്‍ക്കുകയാണ്. നിര്‍മാണത്തിലിരിക്കുന്ന പാലങ്ങളില്‍ ഏകദേശം നാലുകിലോമീറ്റര്‍ ദൂരത്തില്‍ മാത്രമേ ടാറിംഗ് നടത്താനുള്ളൂ.
ഈ റോഡില്‍ വഴിവിളക്കു തെളിക്കാത്തത് രാത്രികാലങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 24 കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡില്‍ എണ്ണൂറോളം സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാനാണ് നിര്‍മാണ കരാറുകാര്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള എസ്റ്റിമേറ്റ് ഊരാളുങ്കല്‍ സൊസൈറ്റി കെഎസ്ടിപിക്ക് സമര്‍പ്പിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതുമൂലം വഴിവിളക്ക് സ്ഥാപിക്കല്‍ വൈകുകയാണ്. ആറുമാസത്തിനകം നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് കരാറുകാര്‍ ആലോചിക്കുന്നത്.
റോഡപകടങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം
ചങ്ങനാശേരി: ആലപ്പുഴ ചങ്ങനാശേരി റോഡിന്റെ നിര്‍മാണത്തിലെ പിഴവുമൂലം പെരുന്ന മുതല്‍ പൊങ്ങ വരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ട. എസി റോഡില്‍ പലഭാഗങ്ങളിലും ആവശ്യമായ വീതിയില്ലാത്തതും ബസ് ബേകളും പാര്‍ക്കിംഗ് സൗകര്യവും ഇല്ലാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.
സ്ഥിരമായി അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കിടങ്ങറ പാലത്തിനു പടിഞ്ഞാറ് ഭാഗം മുതല്‍ വേഴപ്ര ടൈറ്റാനിക് പാലം വരെ റോഡില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തണം. സ്ഥിരമായി പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എസി കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് മുളപ്പാംമഠം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജയിംസ് കൊച്ചുകുന്നേല്‍ അധ്യക്ഷത വഹിച്ചു. അലക്സാണ്ടര്‍ പുത്തന്‍പുര, അപ്പച്ചന്‍കുട്ടി ആശാംപറമ്പില്‍, ഷിബു കണ്ണമ്മാലില്‍, മുട്ടാര്‍ സുരേന്ദ്രന്, എ.സി. വിജയപ്പന്, തോമസ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.