വനിതാ വ്യാപാരിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി
1516065
Thursday, February 20, 2025 6:30 AM IST
തലയോലപ്പറമ്പ്: നാലുവർഷം മുമ്പ് മരിച്ച ഭർത്താവ് കടം വാങ്ങിയ പണം നൽകാനുണ്ടെന്നു പറഞ്ഞ് വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും കൈയിൽക്കിടന്ന സ്വർണവള ഊരിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്തതായി പരാതി. പൊട്ടൻചിറയിൽ വ്യാപാര സ്ഥാപനം നടത്തുന്ന വൈക്കപ്രയാർ സ്വദേശിനിയായ യുവതിയാണ് ഇതുസംബന്ധിച്ച് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.
മർദനത്തിൽ പരിക്കേറ്റ യുവതി വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തലയോലപ്പറമ്പ് പൊട്ടൻചിറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കടയിലെത്തിയ യുവാവ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയെ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തുകയും കൈയിൽക്കിടന്ന വള ഊരിയെടുക്കുന്നതിന് ശ്രമിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മണക്കുന്നം സ്വദേശിയായ യുവാവിനെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വനിതാ വ്യാപാരിയെ മർദിച്ച യുവാവിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തിയിട്ടുണ്ട്.