റോഡ് നവീകരണം ഇന്ന് ആരംഭിക്കും
1516061
Thursday, February 20, 2025 6:30 AM IST
കടുത്തുരുത്തി: പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ കടുത്തുരുത്തി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആയാംകുടി-മധുരവേലി-റേഷന്‍കട-എഴുമാന്തുരുത്ത്-ആട്ടയ്ക്കല് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. 3.23 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതിന് ശേഷമുള്ള അഞ്ചു വര്‍ഷത്തെ പരിപാലനവും നിര്‍മാണ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കടുത്തുരത്തി പഞ്ചായത്തിലൂടെ കടന്നുപോകുന്ന 3.372 കിലോമീറ്റര്‍ റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ പുനരാരംഭിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനം തുകയും സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനം തുകയും മുടക്കുന്ന വിധത്തിലാണ് പിഎംജിഎസ്വൈ പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയായ ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്ഡിആര്‍) ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
നിലവിലുള്ള റോഡിലെ ടാറിഗും മെറ്റലും മണ്ണും ആധുനീക യന്ത്രങ്ങളുടെ സഹായത്തോടെ നിശ്ചിത ആഴത്തില്‍ ഇളക്കിയ ശേഷം ഇതിനൊപ്പം സിമന്റും അഡ്മിക്സ്ചറും വെള്ളവും കൂട്ടിച്ചേര്‍ത്ത് വിവിധ തരത്തിലുള്ള റോളറുകള്‍ ഉപയോഗിച്ചു ഉറപ്പിച്ചു പുതിയ പാളി സൃഷ്ടിക്കും. റോഡ് പ്രതലം ബലവത്താക്കിയതിന് ശേഷം മുകളില്‍ ഫാബ്രിക് വിരിക്കും.
തുടര്‍ന്ന് 30 മില്ലിമീറ്റര്‍ കനത്തില്‍ ബിസി ടാറിംഗ് ചെയ്ത് പ്രവൃത്തി പൂര്‍ത്തീകരിക്കും. ടാറിംഗിനു ശേഷം എൻജിനിയറിംഗ് വിഭാഗം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ റോഡിന്റെ സൈഡ് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തും.
ട്രാഫിക്ക് ബോര്‍ഡുകളും സ്ഥാപിക്കും. നിലവിലെ റോഡിലെ സാമഗ്രികള്‍ തന്നെ റീസൈക്കിള്‍ ചെയ്ത് റോഡ് നിര്‍മാണം നടത്തുന്നതുകൊണ്ട് പാരിസ്ഥിതിക ആഘാതം തടയുന്നതിന് സാധിക്കുമെന്ന് നേട്ടവുമുണ്ട്.