കളിയും ചിരിയുമായി 47 വർഷങ്ങൾക്കുശേഷം അവർ ഒത്തുകൂടി
1516056
Thursday, February 20, 2025 6:22 AM IST
പാമ്പാടി: കളിയും ചിരിയുമായി അവർ വീണ്ടുമെത്തി, വർഷങ്ങൾ കടന്നു പോയതറിയാതെ ഓർമകളുടെ തിരുമുറ്റത്ത്. വാഴൂർ എസ്വിആർ എൻഎസ്എസ് കോളജ് 1975 - 78 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർഥികളാണ് കൊടുങ്ങൂരിൽ വീണ്ടും ഒത്തുചേർന്നത്. നീണ്ട 47 വർഷങ്ങൾക്കു ശേഷമാണ് ഈ ഒത്തുചേരലെന്നതാണ് പ്രത്യേകത.
വിവിധ നാടുകളിൽ കഴിഞ്ഞിരുന്നവർ പരസ്പരം കണ്ടപ്പോൾ കൗതുകമായി. പിന്നെ കോളജ് ഓർമകളും കഥയും കവിതയും പാട്ടുമായി യൗവനത്തിലേക്ക് ഒരു മടക്കം. ഒന്നിച്ച് സദ്യകഴിച്ചും ഗ്രൂപ്പ് ഫോട്ടോയെടുത്തുമായിരുന്നു മടക്കം.
അടുത്തവർഷം വിപുലമായ കുടുംബ സംഗമം നടത്തുമെന്ന തീരുമാനവും മടക്കയാത്രയ്ക്കു മുന്പേ എടുത്തു. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം കെ.ആർ. രാജൻ, പ്രഫ. ദിനേശ് ബാബു, കെ.ആർ. രവി, മധുകുമാർ, ഗിരിജ, സൂസൻ, ഉഷ രാജൻ, ലാൽ മുരളീധരൻ, ജയശ്രീ, വിൻസി എന്നിവർ പ്രസംഗിച്ചു.