പഴയ കാര്‍ നല്കി കബളിപ്പിച്ചു; പുതിയ കാറും 50,000 രൂപ നഷ്ടപരിഹാരവും നല്‍കണം
1516051
Thursday, February 20, 2025 6:22 AM IST
കോട്ടയം: ബുക്ക് ചെയ്ത കാറിനു പകരം പഴയ കാര്‍ നല്കി കബളിപ്പിച്ചെന്ന പരാതിയില്‍ പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉപഭോക്തൃ കമ്മിഷന് ഉത്തരവിട്ടു. വാഴൂര്‍ സ്വദേശി സി.ആര്. മോഹനനാണ് മണിപ്പുഴയിലുള്ള ഇന്‍ഡസ് മോട്ടോഴ്സിനെതിരേ പരാതി നല്‍കിയത്. 2023 ഡിസംബര്‍ ആറിന് മാരുതി സെലേറിയോ ഗ്ലിസ്റ്ററിംഗ് ഗ്രേ കളര്‍ കാര്‍ ബുക്ക് ചെയ്തു.
എന്നാല്‍, പിന്നീട് ഈ നിറത്തിലുള്ള കാര്‍ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് അറിയിച്ചു. വെള്ള നിറത്തിലുള്ള കാര്‍ ലഭ്യമാണെന്നും ഡിസംബര്‍ 21ന് നല്‍കാമെന്നും അറിയിച്ചു. ഇതനുസരിച്ച് മുഴുവന്‍ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാര്‍ ഡെലിവറി ചെയ്യുകയും ചെയ്തു.
രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനം ഒരു വര്‍ഷം പഴക്കമുള്ളതാണെന്ന് മനസിലായതിനെത്തുടര്‍ന്ന് മോഹനന് ഇന്‍ഡസ് മോട്ടോഴ്സ് അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.
ഒരു വര്‍ഷം പഴക്കമുള്ള വാഹനം പരാതിക്കാരനു നല്‍കിയത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനക്കുറവുമാണെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ മെംബര്മാരുമായുള്ള കമ്മീഷന് വിലയിരുത്തി. ഇന്‍ഡസ് മോട്ടോഴ്സ് 30 ദിവസത്തിനുള്ളില്‍ സമാനമായ പുതിയ വാഹനവും 50,000 രൂപ നഷ്ടപരിഹാരവും നൽകണമെന്നും 5000 രൂപ കോടതിച്ചെലവ് അടയ്ക്കാനും ഉത്തരവിട്ടു.