കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവം : അന്വേഷണത്തിന് നാലംഗ സംഘം
1516050
Thursday, February 20, 2025 6:22 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് കെ.പി. അറിയിച്ചു.
വയറുവേദനയെത്തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കട്ടപ്പന ഇടുക്കികവല കളിക്കൽ വിഷ്ണുവിന്റെയും ആഷയുടെയും മൂന്നു വയസുള്ള മകൾ അപർണികയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിനു കാരണം ചികിത്സാപിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
കഠിനമായ വയറുവേദനയെത്തുടർന്ന് ഈ മാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയശേഷം കാര്യമായ കുഴപ്പമില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറയുന്നു.
എന്നാൽ, വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. വേദന കഠിനമായതോടെ തിങ്കളാഴ്ച വീണ്ടും കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് ആഷ പറയുന്നു.
അതേസമയം, വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഡോക്ടർ വിശദമായി പരിശോധിക്കുകയും അൾട്രാ സൗണ്ട് സ്കാനിംഗും രക്തപരിശോധനയും നടത്തിയെന്നു ആശുപത്രി സൂപ്രണ്ട് അറിയിച്ചു. റിസൾട്ട് നോർമലയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാമെന്ന് കുട്ടിയുടെ മാതാവ് അടക്കമുള്ളവരോട് ഡോക്ടർ പറഞ്ഞെങ്കിലും വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് അവർ പോകുകയുണ്ടായി.
പിന്നീട് കുട്ടിക്ക് ചർദിയുണ്ടായതിനാൽ 18നു തിരിച്ചെത്തി. തുടർന്ന് ട്രിപ്പിടുകയും ഇൻജക്ഷനും നൽകി. കുട്ടിക്ക് കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ കുട്ടി അപസ്മാര ലക്ഷണങ്ങൾകാട്ടി. തുടർന്ന് പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.