ആനുകാലിക വിഷയങ്ങളില്‍ സമയോചിതമായി ഇടപെടാന്‍ ദീപികയ്ക്ക് സാധിക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
1515802
Wednesday, February 19, 2025 11:46 PM IST
പാലാ: ആനുകാലിക വിഷയങ്ങളില്‍ സമയോചിതമായി ഇടപെടാന്‍ ദീപികയ്ക്ക് സാധിക്കുന്നുണ്ടെന്നും മൂല്യങ്ങള്‍ പകരുന്ന ദീപികയ്ക്ക് വലിയൊരു വിശ്വാസ്യതയുണ്ടെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത കണ്വന്ഷന് അരുണാപുരം പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഷീല്‍ഡ് ഫ്രെയിംവര്‍ക്കായി നിലകൊള്ളുന്ന ദീപിക ഔഷധച്ചെടി പോലെയാണെന്നും ദീപിക ഫ്രണ്ട്സ് ക്ലബ് അംഗങ്ങള്‍ ദീപികയെ സ്വന്തമായി കരുതി സാമുദായിക ശക്തീകരണത്തിന്റെ ചാലകശക്തികളായി മാറണമെന്നും ബിഷപ് പറഞ്ഞു. സാസ്ക്കാരിക ലോകത്തേയ്ക്ക് ഇറങ്ങിവരാന്‍ വായനക്കാരെ ദീപിക പ്രാപ്തരാക്കുന്നു. സമൂഹത്തിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് സാമൂഹ്യ തിന്മകള്ക്കെതിരേ ശക്തമായ പോരാട്ടമാണ് ദീപിക നടത്തുന്നതെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ഡിഎഫ്സി പാലാ രൂപത പ്രസിഡന്റ് ജയ്സണ്‍ ജോസഫ് കുഴികോടിയില്‍ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍, സെക്രട്ടറി ആന്റണി തോമസ്, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്ന്ചെരുവ്പുരയിടം സ്വാഗതവും രൂപത വനിതാ വിഭാഗം പ്രസിഡന്റ് ജാന്‍സി തോട്ടക്കര കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തില്‍ വിവിധ ഫൊറോനകളിലെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.