പകല്‍ച്ചൂട് കനക്കുന്നു ; വരുന്നത് കൊടും വരൾച്ച
1515800
Wednesday, February 19, 2025 11:46 PM IST
കോട്ടയം: പകല്‍ താപനില കൂടിയതോടെ നാട് കടുത്ത വരള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കും. ജില്ലയിലെ പ്രധാനപ്പെട്ട ജലസ്രോതസുകളായ മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങി. കൊടുംവരള്‍ച്ചയും ജലക്ഷാമവും മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനത്തിലാണ് വാട്ടര്‍ അഥോറിട്ടി അധികൃതര്‍. ജില്ലയിലെ ഏറ്റവും വലിയ ജലശുദ്ധീകരണ ശാലയായ വെള്ളൂപ്പറമ്പ് കുടിവെള്ള പദ്ധതിയില്‍ കൂടുതല്‍ പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ഹെഡ് ഓഫീസിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍.
തിരുവഞ്ചൂര്‍ പമ്പ് ഹൗസില്‍നിന്നാണ് കോട്ടയം വാട്ടര്‍ അഥോറിട്ടി ഓഫീസ് വളപ്പിലെ 55 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നത്. ഇവിടെനിന്നാണ് കോട്ടയം ടൗണിന്റെ പരിസരപ്രദേശങ്ങളിലേക്കും മുട്ടമ്പലം, തിരുവാതുക്കല്‍, കാരാപ്പുഴ, കഞ്ഞിക്കുഴി ഭാഗങ്ങളിലേക്കെല്ലാം ജലം വിതരണം ചെയ്യുന്നത്. ഇതിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പും ആരംഭിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ മേഖലയായ നാട്ടകത്തും പരിസരത്തുമാണ് നിലവില്‍ ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുന്നത്. നിലവില്‍ 16 ദശലക്ഷം ലിറ്റര്‍ പ്രതിദിനശേഷിയുള്ള വെള്ളൂപ്പറമ്പിലെ ജലശുദ്ധീകരണശാലയില്‍നിന്ന് 12.9 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മറിയപ്പള്ളിയിലെ ഓവര്‍ഹെഡ് ടാങ്കിലേക്ക് വെള്ളമെത്തിച്ചാണ് നാട്ടകത്തും സമീപ മേഖലകളിലും ജലം വിതരണം ചെയ്യുന്നത്. പ്രദേശത്തെ വിവിധ ഭാഗങ്ങളിലേക്കു മാസത്തില്‍ രണ്ട് തവണ മാത്രമേ ജലവിതരണം നടത്താന്‍ സാധിക്കൂ. ഇതിനു പരിഹാരമായി 2016-ല്‍ കിഫ്ബി പദ്ധതി പ്രകാരം 21 കോടി രൂപ ചെലവില്‍ നാട്ടകം കുടിവെള്ള പദ്ധതിയാരംഭിച്ചെങ്കിലും പൂര്‍ണമായി ഇതുവരെയും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
കോട്ടയം വാട്ടര്‍ അഥോറിറ്റി വളപ്പിലെ 12.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കില്‍നിന്നു മറിയപ്പള്ളിയിലെ ഓവര്‍ഹെഡ് ടാങ്കിലേക്ക് 600 എംഎം ഡിഐ പൈപ്പ് ഉപയോഗിച്ച് ജലമെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ എംസി റോഡില്‍ മണിപ്പുഴ മുതല്‍ മറിയപ്പള്ളി വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള അനുമതി ലഭ്യമാകാത്തതിനെത്തുടര്‍ന്ന് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പദ്ധതി നടപ്പായാല്‍ മാത്രമേ നാട്ടകത്തെ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കന്‍ സാധിക്കൂ.
ദേശീയപാത അധികൃതരുടെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് കെകെ റോഡ് കളക്ടറേറ്റ് മുതല്‍ കഞ്ഞിക്കുഴി വരെയും പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ട ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു ദേശീയപാത അധികൃതരുമായി വാട്ടര്‍ അഥോറിറ്റി സംയുക്ത പരിശോധന നടത്തുകയും അനുമതിക്കായി വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതു പൂര്‍ത്തിയായാല്‍ നാട്ടകം മേഖലയിലെയും കഞ്ഞിക്കുഴി, മുട്ടമ്പലം പ്രദേശങ്ങളിലെയും ജലദൗര്‍ലഭ്യത്തിന് ശാശ്വത പരിഹാരമാകും.
ഒഴുക്ക് മുറിഞ്ഞ് മെലിഞ്ഞ്
മീനച്ചിലാറും മണിമലയാറും
വേനല്‍ കടുത്തതോടെ മീനച്ചിലാറും മണിമലയാറും ഒഴുക്ക് മുറിഞ്ഞ് വറ്റിവരളാന്‍ തുടങ്ങി. മീനച്ചിലാറ്റില്‍ ഭരണങ്ങാനം അമ്പാറയില്‍ ഒഴുക്ക് മുറിഞ്ഞു. മണിമലയാറ്റില്‍ മുണ്ടോലിക്കടവില് ഉള്‍പ്പെടെ പലയിടത്തും മണല്‍ത്തിട്ടകളും രൂപപ്പെട്ടു. മൂവാറ്റുപുഴയാറിലും ജലനിരപ്പില്‍ കുറവുണ്ട്. തടയണകളില്‍ നിറഞ്ഞുനില്ക്കുന്നതും അവിടെനിന്ന് ഒലിച്ചിറങ്ങുന്നതുമായ വെള്ളമാണ് മീനച്ചിലാറിന്റെ ഇപ്പോഴത്തെ പ്രവാഹം.
ആറിന്റെ ഉദ്ഭവകേന്ദ്രങ്ങളായ തീക്കോയി പുഴയിലും പൂഞ്ഞാറ്റിലും ഇതേസ്ഥിതിയാണ്. മീനച്ചിലാര്‍ ആദ്യം ഒഴുക്ക് മുറിയുന്ന മേലമ്പാറയില്‍ ഒരുവശത്ത് എട്ടടിയോളം വീതിയില്‍ ഒരു ചാലായി മാത്രം ഒതുങ്ങി. കളരിയാമ്മാക്കല് തടയണയില്‍ കല്‍ക്കെട്ട് കവിഞ്ഞ് ചെറിയതോതില്‍ ഒഴുക്കുണ്ട്. പാലാ നഗരത്തിലെത്തുമ്പോള്‍ വലിയപാലത്തിന്റെ അടിഭാഗത്തെ കല്ക്കെട്ടുകളുടെ നിരപ്പിന് താഴെയാണ് വെള്ളം. എന്നാല്‍, കല്ക്കെട്ടുകളുടെ ഇടയിലൂടെ വെള്ളം എത്തുന്നതിനാല്‍ ഒഴുക്ക് നിലച്ചിട്ടില്ല. വേനല്‍ കടുക്കുന്നതോടെ ഒഴുക്ക് വരുംദിവസങ്ങളില്‍ പൂര്‍ണമായും നിലച്ചേക്കും.
തോടുകളില്‍ നീരൊഴുക്ക് ഇല്ലാതായതോടെ മണിമലയാറ്റിലെ ജലനിരപ്പും താഴ്ന്നു. തടയണകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ പാറക്കെട്ടുകളും മണല്‍പ്പരപ്പും തെളിഞ്ഞിട്ടുണ്ട്. മൂലേപ്ലാവ്, ഏറത്തുവടകര, മുണ്ടോലിക്കടവ് ഭാഗങ്ങളില്‍ നീരൊഴുക്ക് കുറവാണ്. ചൂട് വര്‍ധിച്ചതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകളുടെ ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്.