രാമപുരം ഉപതെരഞ്ഞെടുപ്പ്: വേനല്‍ച്ചൂടിനെ വെല്ലുന്ന പ്രചാരണവുമായി മുന്നണികള്‍
1515795
Wednesday, February 19, 2025 11:26 PM IST
രാമപുരം: രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാശിയേറിയ പ്രചാരണവുമായി മൂന്നു മുന്നണികളും സജീവം. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഏക സ്ഥലമായതിനാല്‍ മൂന്നു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തുന്നത്.
യുഡിഎഫ് സ്ഥാനാർഥി കോണ്‍ഗ്രസിലെ ടി.ആര്. രജിത, ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി മോളി ജോഷി, എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ കെ.ആര്. അശ്വതി എന്നിവരാണ് മത്സരരംഗത്തുള്ളത്. കൂറുമാറിയതിനെത്തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ ഷൈനി സന്തോഷായിരുന്നു പ്രതിനിധി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇവര്‍ മുന്നണിയിലെ ധാരണപ്രകാരം സ്ഥാനം രാജി വയ്ക്കുകയും എന്നാല്‍ ഇടതുമുന്നണിയില്‍ ചേക്കേറുകയും വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നു യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷൈനിയെ അയോഗ്യയായി പ്രഖ്യാപിച്ചത്.
രാമപുരത്ത് നിലവില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഏഴു വീതവും ബിജെപിക്ക് മൂന്നും അംഗങ്ങളുമാണുള്ളത്. ഷൈനി സന്തോഷിനു പിന്തുണ നല്‍കിയാണ് ഒരു വര്‍ഷത്തോളം ഇടതുപക്ഷം പഞ്ചായത്തുഭരണം പിടിച്ചത്. ഷൈനിയെ അയോഗ്യയായി പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിക്കുകയായിരുന്നു.
എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്ക്കു ഭരണം പിടിക്കാനുള്ള സാഹചര്യമുണ്ട്. അതിനാല്‍ ഉപതെരഞ്ഞെടുപ്പിനെ വാശിയോടെയാണ് പാര്‍ട്ടികളും മുന്നണികളും നേരിടുന്നത്.
അവസാനവട്ട പ്രചാരണത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. രണ്ടു വട്ടം വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍ക്കണ്ട സ്ഥാനാര്‍ഥികള്‍ കുടുംബ സംഗമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ മുന്നണികളുടെയും ജില്ലാ, സംസ്ഥാന നേതാക്കള്‍ കുടുംബ സംഗമങ്ങളില്‍ എത്തുന്നുണ്ട്.
24നു രാവിലെ എഴുമുതല്‍ ജിവി യുപി സ്കൂളിലാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണല്‍ നടക്കും. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ പോരാട്ടത്തിനു വാശിയേറെയാണ്.