കോടതി നടപടികള്‍ നേരിട്ടറിഞ്ഞ് വിദ്യാര്‍ഥിനികള്‍
1515794
Wednesday, February 19, 2025 11:26 PM IST
പാലാ: പാഠപുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും വായിച്ചറിഞ്ഞ കോടതികളെയും ജഡ്ജിമാരെയുമൊക്കെ നേരിട്ടുകണ്ടപ്പോള്‍ കുട്ടികള്‍ക്ക് ആകാംക്ഷ. കോടതിമുറികളിലെ നടപടികള്‍ അവര്‍ സസൂക്ഷ്മം വീക്ഷിച്ചു.കേസിലെ കക്ഷികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ കൗതുകത്തോടെ അവര്‍ നോക്കിക്കണ്ടു. കോടതികളെയും കോടതി നടപടികളെയും പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയില്‍ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 32 വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്.
മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കുടുംബകോടതി ജഡ്ജി അയ്യൂബ് ഖാന് ഉദ്ഘാടനം ചെയ്തു. ജഡ്ജിയുമൊത്ത് അവര്‍ സംവദിച്ചു. കുട്ടികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്കി. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ബാഡ്ജുകളും നിയമപഠന പുസ്തകങ്ങളും വിതരണം ചെയ്തു.
അഡ്വ. തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവത്കരണ ക്ലാസിനും ഐറിന് മാത്യു മോട്ടിവേഷന്‍ ക്ലാസിനും നേതൃത്വം നല്കി. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, ലീഗല്‍ സര്‍വീസസ് കമ്മിറ്റി പ്രതിനിധി വി.എം. അബ്ദുള്ള ഖാന് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ലിജോ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ സിസി എഫ്സിസി, സിസ്റ്റര്‍ റോസിറ്റ് എഫ്സിസി, ലിന്റാ അനിത എന്നിവര്‍ നേതൃത്വം നല്കി.