ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം: സർവേ നടപടികൾ റവന്യുസംഘം വിലയിരുത്തി
1515760
Wednesday, February 19, 2025 10:30 PM IST
എരുമേലി: മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ ഹിൽമെൻ സെറ്റിൽമെന്റിൽപ്പെട്ട കൃഷിക്കാരുടെ കൈവശഭൂമിക്കു പട്ടയം അനുവദിക്കുന്നതിന്റെ നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
പട്ടയം നൽകുന്നതിനുള്ള പ്രാഥമിക നടപടിയായ വസ്തുക്കൾ അളന്നുതിരിച്ചു സ്കെച്ചും പ്ലാനും തയാറാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് എത്തിയതായിരുന്നു കളക്ടറും എംഎൽഎയും. ഈ പ്രദേശങ്ങളിലെ പതിനായിരത്തോളം ചെറുകിട കർഷകർക്കാണ് വർഷങ്ങളായി പട്ടയം ലഭിക്കാത്തത്.
പുഞ്ചവയൽ, കുളമാംകുഴി, മുരിക്കുംവയൽ, പ്ലാക്കപ്പടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം കളക്ടറും എംഎൽഎയും ഉദ്യോഗസ്ഥരുമായി സംസാരിച്ചു സർവേ നടപടികൾ വിലയിരുത്തി. ഒന്നാം ഘട്ടം പട്ടയമേളയിൽ അഞ്ഞൂറിൽ കുറയാത്ത ആളുകൾക്കു പട്ടയം നൽകിക്കൊണ്ട് ഏപ്രിൽ 15നകം നടത്തത്തക്കവിധം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് എംഎൽഎയും കളക്ടറും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മുണ്ടക്കയത്ത് ആരംഭിച്ച സ്പെഷൽ തഹസിൽദാർ ഓഫീസ് മുഖേനെയാണ് മേഖലയിൽ പട്ടയനടപടികൾ പുരോഗമിക്കുന്നത്. തഹസിൽദാർ ഉൾപ്പെടെ 17 ജീവനക്കാരെയാണ് പട്ടയനടപടികൾക്കായി പ്രത്യേകമായി നിയമിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, സ്പെഷൽ തഹസിൽദാർ യാസിർ ഖാൻ, ഡപ്യൂട്ടി തഹസിൽദാർ സനിൽ കുമാർ തുടങ്ങിയവർ എംഎൽഎയ്ക്കും കളക്ടർക്കുമൊപ്പമുണ്ടായിരുന്നു.