ഉപ്പുവെള്ള ഭീഷണി: നെല്‍കര്‍ഷകര്‍ മണിയാര്‍ ഡാമിനു മുമ്പില്‍ ധര്‍ണ നടത്തി
1513447
Wednesday, February 12, 2025 6:53 AM IST
മണിയാര്‍ ഡാം: കടുത്ത ഉപ്പുവെള്ള ഭീഷണിയില്‍നിന്നു കുട്ടനാട്ടിലെ നെല്‍കൃഷിയെ രക്ഷിക്കാന്‍ മണിയാര്ഡാം തുറന്നുവിട്ട് പ്രശ്നം പരിഹരിക്കാമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷകര്‍ മണിയാര്‍ ഡാമിനു മുമ്പില്‍ ധര്‍ണ നടത്തി.
വിതച്ച് ഒമ്പതിനും 100നും ഇടയില്‍ ദിവസം പ്രായമായ നെല്‍ച്ചെടികളാണ് ഉപ്പുവെള്ള ഭീഷണിയില്‍ നാശം നേരിടുന്നത്. നെല്‍കൃഷിക്ക് ആവശ്യമായ വെള്ളമെത്തിച്ച് ഓരുവെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കാന്‍ പത്തനംതിട്ടയിലെ മണിയാര്‍ ഡാം തുറന്നുവിടുമെന്ന് രണ്ടാഴ്ചമുമ്പ് ആലപ്പുഴ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത നെല്‍കര്‍ഷകരുടെ യോഗത്തിലാണ് കൃഷിമന്ത്രി ഉറപ്പുനല്‍കിയത്. ഇത് നടപ്പാക്കാത്തതിനെതിരേയാണ് നെല്‍ കര്‍ഷക സംരക്ഷണ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മണിയാര്‍ ഡാമിനുമുമ്പില് ധര്‍ണ നടത്തിയത്.
സംസ്ഥാന രക്ഷാധികാരി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, കെ.ബി. മോഹനന് വെളിയനാട്, കാര്ത്തികേയന് കൈനകരി, പി.എ. തോമസ്, പി.എസ്. വേണു, തോമസ് നെടുമുടി, സെബാസ്റ്റ്യന്‍ മാമ്പള്ളി, ആന്റണി കക്കാട്ട്തോപ്പില്, ജയിംസ് കുറുവപ്പാടം, ബിജോയ് കയ്യാറ്റില് തുടങ്ങിയവര്‍ പ്രസംഗിച്ചു.