ഭക്തിയുടെ ഓളപ്പരപ്പിൽ വിശ്വാസത്തിന്റെ കപ്പലോട്ടം
1513339
Wednesday, February 12, 2025 5:49 AM IST
കുറവിലങ്ങാട്: മകരച്ചൂടിനെ തോൽപ്പിച്ച ആത്മീയാഗ്നി സമ്മാനിച്ച ഭക്തിയുടെ ഓളപ്പരപ്പിൽ വീണ്ടും വിശ്വാസത്തിന്റെ നൗകയിറങ്ങി. മൂന്നുനോമ്പ് തിരുനാളിന്റെ പ്രധാനദിനത്തിൽ പാരമ്പര്യവിശ്വാസങ്ങൾക്ക് പിൻബലമേകി നടന്ന കപ്പൽ പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ സാക്ഷികളായി.
തിരുനാൾ പ്രദക്ഷിണത്തിന് മുൻപിലായി നടത്തിയ കപ്പലോട്ടം ഒരുമണിക്കൂറിലേറെ നീണ്ടു. വലിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന കപ്പൽ മഹനീയമായി അലങ്കരിച്ചതിന് പിന്നാലെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ആശീർവദിച്ചതോടെ കൊടികൾ താഴ്ത്തി കപ്പൽ പുറത്തിറക്കി. തുടർന്ന് കൊടികൾ ഉയർത്തിക്കെട്ടി കിഴക്കുപടിഞ്ഞാറ് ദിശയിൽ മൂന്നുതവണ വലിയപള്ളിയുടെ നടകൾ ഓടിക്കയറിയ കപ്പൽ വലിയപള്ളി മുറ്റത്ത് ഓടി. നൂറുകണക്കായ കടപ്പൂർ നിവാസികളുടെ കരങ്ങൾ ഒരേവേഗത്തിലും താളത്തിലും ഉയർന്നുതാഴ്ന്നപ്പോൾ യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ ഓർമകൾ ഭക്തസഹസ്രങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞു.
തുടർന്ന് വലിയപള്ളി മുറ്റത്ത് പ്രദക്ഷിണം നടത്തിയ കപ്പൽ ചെറിയപള്ളി നടയിലെത്തിച്ച് മാർത്തോമ്മാ സ്ലീവാ ചുംബിച്ചതോടെ കപ്പലോട്ടത്തിന്റെ ദിശമാറി. മൂന്നുവട്ടം പരിശ്രമിച്ചാണ് സ്ലീവാ ചുംബനം സാധ്യമാക്കുന്നത്. തുടർന്ന് വലിയപള്ളി മുറ്റത്ത് ഓടുന്ന കപ്പൽ കല്പടവുകളിറങ്ങി കുരിശിൻ തൊട്ടിയിലെത്തിച്ചു. കുരിശിനെ വന്ദിക്കുന്ന കപ്പൽ കുരിശിൻതറയിൽ വിശ്രമിക്കുന്നതും പാരമ്പര്യങ്ങളുടെ ആവർത്തനമാണ്.
തുടർന്നാണ് പ്രക്ഷുബ്ധമായ കടലിന്റെ രംഗങ്ങളും യോനാ പ്രവാചകനെ കടലിലേക്ക് വലിച്ചെറിയുന്ന ബൈബിൾ രംഗങ്ങളും വിശ്വാസികൾക്ക് സമ്മാനിക്കുന്ന രീതിയിലുള്ള കപ്പലോട്ടം. യോനായെ കടലിലെറിയുന്നതോടെ ശാന്തമാകുന്ന കപ്പൽ വലിയപള്ളി ചുറ്റി പള്ളിയകത്ത് പ്രവേശിക്കും.
കടപ്പൂർ നിവാസികൾ കപ്പൽ സംവഹിക്കുന്നതിനൊപ്പം കാളികാവ് കരക്കാർ തിരുസ്വരൂപങ്ങളും കണിവേലിൽ കുടുംബക്കാർ മുത്തുക്കുടകളും എടുക്കുന്നതു പാരമ്പര്യ അവകാശങ്ങളുടെ തുടർച്ചയാണ്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസെന്റ് മാർ സാമുവൽ എന്നിവരുടെ കാർമികത്വത്തിലായിരുന്നു ആഘോഷമായ വിശുദ്ധ കുർബാനകൾ.
ബെന്നി കോച്ചേരി