ചിന്നംവിളി തുടർന്ന് കൊലയാന
1513334
Wednesday, February 12, 2025 5:48 AM IST
മുണ്ടക്കയം: പെരുവന്താനം ചെന്നാപ്പാറ കൊമ്പന്‍പാറയില്‍ സോഫിയയെ അരുംകൊല ചെയ്ത മോഴയാന ഇന്നലെ പകലും അല്പം മാറി ചിന്നംവിളിച്ചു. ഒട്ടേറെ പേരാണ് സോഫിയ കൊല്ലപ്പെട്ട സ്ഥലത്തെ അരുവി കാണാനെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം സോഫിയ കുളിക്കാന്‍ പോയ അരുവിയില്‍ ഇന്നലെ രക്തം കലര്‍ന്നിരുന്നു. കണ്മുന്പില് കാട്ടാനയെ കണ്ട് ഭയന്ന സോഫിയയുടെ നിലവിളി അല്പം മാറിയുള്ള വീട്ടില്‍ കേട്ടില്ല. സോഫിയയെ ആക്രമിച്ചശേഷം ആന ചിന്നം വിളിച്ചതിനാല്‍ സോഫിയയുടെ നിലവിളി ആരും അറിഞ്ഞില്ല.
കര്‍ഷകര്‍ കടന്നുകയറിയതോ കവര്‍ന്നെടുത്തതോ ആയ പ്രദേശമല്ല കൊമ്പന്‍പാറ. അറുപതു വര്‍ഷമായി ഇവിടെ സ്ഥിരതാമസക്കാരുണ്ട്. മരിച്ച സോഫിയയുടെ ഭര്‍ത്താവ് പുത്തന്‍വീട്ടില്‍ ഇസ്മായില്‍ 55 വര്‍ഷമായി ഇവിടെ സ്ഥിരതാമസക്കാരനാണ്. ആനയും കടുവയും പുലിയും ഇവരുടെ കൃഷിയിടത്തിലേക്ക് കടന്നുകയറാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. അടുത്ത കാലം വരെ ഇവിടെ മുപ്പത് കുടുംബങ്ങള്‍ അടുത്തടുത്ത് താമസിച്ചിരുന്നു.
ആനശല്യം സഹിക്കാനാവാതെ കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്കും ബന്ധുവീടുകളിലേക്കും വാസം മാറ്റി. രണ്ടു വര്‍ഷം മുന്‍പുവരെ സോഫിയയുടെ അയല്‍വാസികളായി ഏഴു വീട്ടുകാരുണ്ടായിരുന്നു. ആനയെക്കൊണ്ടു പൊറുതിമുട്ടിയതോടെ ഇപ്പോള്‍ ഇസ്മായിലും ഉമ്മയും ഉള്‍പ്പെടെ മൂന്നു വീട്ടുകാര്‍ മാത്രമേ ബാക്കിയുള്ളൂ. ജീവന് പണയപ്പെടുത്തി കഴിയുന്ന ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി കഴിഞ്ഞ ദിവസവും പറഞ്ഞത്.
സമീപത്തെ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് ലയത്തിലേക്ക് മാറ്റാനുള്ള അധികാരികളുടെ നിര്‍ദേശത്തോട് എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. മേസ്തിരി തൊഴിലാളിയായ ഇസ്മായേലിന്റെയും തൊഴിലുറപ്പുജോലി ചെയ്തിരുന്ന സോഫിയയുടെയും വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മൂത്ത മകള്‍ക്ക് ശാരീരിക ന്യൂനതയുണ്ട്. മകന് കോരുത്തോട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിയും.
സാന്റോ മണിയിലയില്‍