ഇത്തിത്താനം ആശാ ഭവനില്‍ സ്പോര്‍ട്ട് സോണും ഗ്രീന്‍ ഇന്നവേഷന്‍ സെന്ററും ഇന്നു തുറക്കും
1513449
Wednesday, February 12, 2025 6:53 AM IST
ചങ്ങനാശേരി: അതിരൂപതയുടെ കീഴില്‍ സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഇത്തിത്താനത്തു പ്രവര്‍ത്തിക്കുന്ന ആശാഭവന് സ്പെഷല്‍ സ്കൂളില്‍ പുതുതായി പൂര്‍ത്തിയാക്കിയ ആശാ സ്പോര്‍ട്ട് സോണിന്റെയും ഗ്രീന്‍ ഇന്നവേഷന്‍ സെന്ററിന്റെയും വെഞ്ചരിപ്പും സമര്‍പ്പണവും ഇന്നു മൂന്നിന് നടക്കും.
ആശാഭവനിലെ കുട്ടികളുടെ ചിരകാലഭിലാഷമായിരുന്ന സ്പോര്‍ട്ട് സോണില്‍ ബാസ്കറ്റ് ബോള്‍, ഷട്ടില്‍, വോളിബോള്‍, ജംപ് പിറ്റ് തുടങ്ങി വിവിധ സൗകര്യങ്ങള്‍ ആധുനിക രീതിയില്‍ സംജാതമാക്കിയിട്ടുണ്ട്.
ആശാ ഗ്രീന്‍ ഇന്നവേഷന്‍ സെന്ററിന്റെ ഭാഗമായി 18 വയസിനു മുകളിലുള്ള കുട്ടികള്‍ക്കായ് വിവിധ പരിശീലന സംവിധാനങ്ങള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, ഫാം സ്കൂള്‍ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വെഞ്ചരിപ്പും സമര്‍പ്പണവും നടത്തും. ആശാഭവന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഫാ. ചെറിയാന് കാരിക്കൊമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ക്കു യാത്രയയപ്പും നല്‍കും. പ്രസിഡന്റ് മോണ്‍. മാത്യു ചങ്ങങ്കരി,
ഹോളിക്യൂന്‍സ് പ്രോവിന്ഷ്യല് സുപ്പീരിയര്‍ ഡോ. സിസ്റ്റർ സോഫി റോസ് സിഎംസി, ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടയ്ക്കല്‍, ട്രഷറര്‍ ഫാ. ജോണ്സന് കാരാട്ട്, ഫാ. ജയിംസ് പഴയമഠം, ഡോ. ജോര്‍ജ് പടനിലം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂലിയറ്റ് സിഎംസി, മദര്‍ സിസ്റ്റര്‍ റോജി സിഎംസി തുടങ്ങിയവര്‍ പ്രസംഗിക്കും.