കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ സംസ്കാരം നടത്തി
1513342
Wednesday, February 12, 2025 5:49 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ കൊമ്പൻപാറ ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ സംസ്കാരം നടത്തി.
വീടിന് സമീപത്തുള്ള അരുവിയിൽ കുളിക്കുന്നതിനിടെ വീട്ടമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും അമ്മയെ കാണാത്തതിനെത്തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ അമ്മ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയെങ്കിലും ആനയുടെ സാന്നിധ്യംമൂലം മൃതദേഹം അവിടെനിന്ന് എടുത്തുമാറ്റാൻ സാധിച്ചില്ല.
വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും മരണപ്പെട്ട കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടായത്. രാത്രി ഏറെ വൈകിയും മൃതദേഹം അപകടസ്ഥലത്തുനിന്ന് എടുത്തുമാറ്റാൻ പ്രതിഷേധക്കാർ സമ്മതിച്ചില്ല. ഇന്നലെ പുലർച്ചെ ഇടുക്കി ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് മതിയായ നഷ്ടപരിഹാരം നൽകാമെന്ന് കൃത്യമായ ഉറപ്പിന്മേലാണ് മൃതദേഹം ഇവിടെനിന്ന് എടുത്തുമാറ്റാൻ അനുവദിച്ചത്.
തുടർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ചെന്നാപ്പാറ ജുമാമസ്ജിദ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നു നൂറുകണക്കിന് ആളുകളാണ് സോഫിയയുടെ മൃതദേഹം ഒരുനോക്ക് കാണാനായി ഇവിടേക്ക് എത്തിയത്.
മകൻ പഠിക്കുന്ന കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിൽനിന്നും മകൾ പഠിക്കുന്ന പള്ളിക്കത്തോട് ഐഐടിയിൽനിന്നും വിദ്യാർഥികൾ എത്തി. വികാരനിർഭരമായ രംഗങ്ങളായിരുന്നു ചെന്നാപ്പാറ ജുമാമസ്ജിദ് അങ്കണത്തിൽ അരങ്ങേറിയത്. അരമണിക്കൂറിനു ശേഷം ഇവിടെനിന്നു പുറപ്പെട്ട മുണ്ടക്കയം വരിക്കാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.