ആറുമാസം കുടിവെള്ളം വിലകൊടുത്ത് വാങ്ങണം, ഓമല്ലൂര്‍ മലേക്കുന്നുകാര്
1513437
Wednesday, February 12, 2025 6:43 AM IST
കടുത്തുരുത്തി: ആറുമാസം കുടിവെള്ളം വിലകൊടുത്ത് വാങ്ങണം ഓമല്ലൂര്‍ മലേക്കുന്നുകാര്. വേനല്‍ കടുത്തതോടെ മാഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട ഓമല്ലൂര്‍ മലേക്കുന്നേല്‍ ഭാഗത്തെ 30 കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമത്തില്‍ വലയുന്നു. പണംകൊടുത്ത് വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം വാങ്ങിയാണ് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇവര്‍ ഉപയോഗിക്കുന്നത്.
വര്‍ഷത്തില്‍ പരമാവധി ആറു മാസം മാത്രമേ ഇവിടുത്തെ കിണറുകളില്‍ കുടിവെള്ളം ലഭിക്കാറുള്ളൂ. വാര്‍ഡിലെ മറ്റു ഭാഗങ്ങളില്‍നിന്ന് അല്പം ഉയരമുള്ള ഇവിടുത്തെ മിക്ക വീടുകളിലും കിണറുകളുണ്ടെങ്കിലും ഡിസംബര്‍ മാസത്തോടെ ഇവയെല്ലാം വറ്റാന്‍ തുടങ്ങും. ജൂണില്‍ മഴയെത്തുമ്പോള്‍ മാത്രമാണ് വീണ്ടും കിണറുകളില്‍ വെള്ളം ഉണ്ടാകൂ. കിണറുകളുടെ അടിഭാഗം പാറയായതിനാല്‍ കൂടുതല്‍ ആഴം കൂട്ടിയതുകൊണ്ടും ജലം ലഭിക്കില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കൂലിപ്പണിക്കാരും നിത്യവരുമാനക്കാരായവരുമാണ് കൂടുതല്‍ വീട്ടുകാരും. വര്‍ഷത്തിന്റെ പകുതി സമയവും വില കൊടുത്ത് വെള്ളം വാങ്ങേണ്ടിവരുന്നതാണ് തങ്ങളുടെ ബുദ്ധിമുട്ടെന്ന് വീട്ടമ്മയായ ജെസി ജോയി പറഞ്ഞു. 3,000 ലിറ്റര്‍ വെള്ളം വാങ്ങണമെങ്കില്‍ 900 രൂപ വരെ ടാങ്കര്‍ ലോറിക്കാര്‍ക്ക് നല്‍കണം. എത്ര ചുരുക്കി ഉപയോഗിച്ചാലും മാസത്തില്‍ അഞ്ച് മുതല്‍ ഏഴ് തവണവരെ ഇത്തരത്തില്‍ വെള്ളം വില കൊടുത്ത് വാങ്ങേണ്ടി വരുന്നു. 5,000 മുതല്‍ 7,000 രൂപ വരെ ഓരോ കുടുംബത്തിനും കുടിവെള്ളത്തിനായി പ്രതിമാസം നീക്കിവയ്ക്കേണ്ടിവരുന്നതു തങ്ങളെപ്പോലുള്ളവര്‍ക്ക് താങ്ങാനാവുന്നതല്ലെന്നും ജെസി പറയുന്നു.
പൈപ്പുണ്ട്, ടാങ്കുണ്ട്... വെള്ളമില്ല...
ഇതുവഴി ജലനിധി പദ്ധതിയുടെ ഭാഗമായി 2014-ല്‍ മലേക്കുന്നേല്‍ കുടിവെള്ള വിതരണ പൈപ്പ് ലൈനുകളും എല്ലാ വീട്ടിലും കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമാനൂര്‍ പട്ടിത്താനം രത്നഗിരി പള്ളിയുടെ ഭാഗത്ത് നിര്‍മിക്കുന്ന കുടിവള്ള ടാങ്കില്‍നിന്ന് വെള്ളം എത്തിക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
ജലമെത്തിക്കുന്നതിനുള്ള പരീക്ഷണ പരിശോധനയും നടത്തി. എന്നാല്‍ സമീപകാലത്താണ് ടാങ്കിന്റെ നിര്‍മാണം രത്നഗിരിയില്‍ തുടങ്ങിയതുതന്നെ. പണി പൂര്‍ത്തിയാകാന്‍ ഇനിയും കാലങ്ങളെടുക്കും. കുടിവെള്ളമെന്ന പ്രാഥമിക ആവശ്യം സാക്ഷാത്കരിക്കാന്‍ പ്രദേശവാസികള്‍ ഇനിയും കാത്തിരിക്കണം. എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് പഞ്ചായത്ത് എത്തിച്ചു നല്കുന്ന വെള്ളം വിതരണം ചെയ്യാനായി സ്ഥാപിച്ചിട്ടുള്ള 5,000 ലിറ്ററിന്റെ കാലിയായ ടാങ്കും ടാപ്പുകളും ഇവിടെ കാണാം.
പരിഹാരം വേണം
കുഴല്‍ കിണര്‍ കുത്താനായി പലപ്രാവശ്യം പരിശോധന നടത്തിയതാണ്. സൗജന്യ കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കളക്ടര്‍ അനുമതി നല്കിയാല് മലേക്കുന്നേല്‍ ഭാഗത്തും സൗജന്യമായി പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്യും. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ ജലവിഭവ മന്ത്രിക്കടക്കം നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.
സിഎംഒ പോര്‍ട്ടലിലും അപേക്ഷ നല്‍കിയിട്ടുണ്ട്. വേദഗിരി ടാങ്കില്‍നിന്ന് വിതരണം ചെയ്യുന്ന വെള്ളം ഇവിടേക്കു കൂടി എത്തിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണ് അനന്തമായി നീളുന്നതെന്ന് മാഞ്ഞൂര്‍ പഞ്ചായത്തംഗം ചാക്കോ മത്തായി പറയുന്നു.