ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചു
1513291
Wednesday, February 12, 2025 5:31 AM IST
ചേര്‍പ്പുങ്കല്‍: പാലാ-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ ബൈപാസ് റോഡിലുള്ള ചകിണിപ്പാലത്തിന്റെ തകര്‍ന്ന സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ സംരക്ഷണ ഭിത്തി തകര്‍ന്നതുമൂലം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ പഴയ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം പൂർണമായും നിലയ്ക്കുകയും ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ വലിയ ഗതാഗത കുരുക്കിനു കാരണാമാവുകയും ചെയ്തിരുന്നു. ഇതുമൂലം യാത്രക്കാരും ചേര്‍പ്പുങ്കല്‍ വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷ തൊഴിലാളികളും വലിയബുദ്ധിമുട്ടിലായിരുന്നു.
പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ചാണ് പണികള്‍ ആരംഭിച്ചിരിക്കുന്നത്. 45 ദിവസത്തിനകം പണികള്‍ പൂര്‍ത്തീകരിച്ചു ചേര്‍പ്പുങ്കല്‍ ടൗണില്‍ കൂടിയുള്ള വണ്‍വേ സംവിധാനം പുനഃക്രമികരിക്കുവാന് സാധിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം അത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു എല്‍ഡിഎഫ് കിടങ്ങൂര്‍, മുത്തോലി പഞ്ചായത്ത് കമ്മിറ്റികള്‍ പൊതുമരാമത്ത് മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിനു ഫണ്ട് അനുവദിച്ച സര്‍ക്കാര്‍ നടപടിയെ എല്‍ഡിഎഫ് കിടങ്ങൂര്‍, മുത്തോലി പഞ്ചായത്ത് കമ്മിറ്റികള്‍ അഭിനന്ദിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് അംഗങ്ങളായ മിനി ജെറോം, ബോബി മാത്യു, പാര്‍ട്ടി നേതാക്കന്മാരായ പി.എം. ബിനു, കെ.എസ്. ജയന്, ടോബിന് കെ. അലക്സ്, പ്രദീപ് ശശി, മാത്തുകുട്ടി മാത്യു ചേന്നാട്ടു, എം.വി. ഗോപി, ടോം വടാന, ആല്ബിന് കോയിക്കല്‍, ഷിജു കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.