കടുത്തുരുത്തി-പിറവം റോഡ്: ധനകാര്യ വകുപ്പിന്റെ മറുപടി ലഭിച്ചുവെന്ന് മോന്‍സ് ജോസഫ്
1513436
Wednesday, February 12, 2025 6:43 AM IST
കടുത്തുരുത്തി: കേരള വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പിടുന്നതിന് വിട്ടുനല്‍കിയ കടുത്തുരുത്തി-പിറവം റോഡിലെ കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ അറുനൂറ്റിമംഗലം സെന്‍ട്രല്‍ ജംഗ്ഷന് വരെയുള്ള റീച്ച് ബിഎം ആന്‍ഡ് ബിസി ടാറിംഗ് നടത്തി പുനരുദ്ധരിക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്കുവേണ്ടി സമര്‍പിച്ചിരിക്കുന്ന ഫയല്‍ ധനകാര്യവകുപ്പിന്റെ പ്രോസസിംഗ് സ്റ്റേജിലാണെന്ന് കാണിച്ച് ധനകാര്യ-പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാരുടെ മറുപടിക്കത്ത് ലഭിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ധനകാര്യവകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ (സിടിഇ) കടുത്തുരുത്തി-പിറവം റോഡ് റീടാറിംഗ് സംബന്ധിച്ച ഫയല്‍ പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് സഹിതം ഒരാഴ്ച മുമ്പാണ് നല്‍കിയത്.
നിയമസഭയില്‍ മോന്‍സ് ജോസഫ് ഇതു സംബന്ധിച്ചു സബ്മിഷന് ഉന്നയിച്ചതിനെത്തുടര്‍ന്ന് ഫയലിന്റെ വേഗത വര്‍ധിച്ചു. അടുത്തഘട്ടമായി ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍നിന്ന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഫയല്‍ കൈമാറി ലഭിക്കണം.
ഇതിനുശേഷമാണ് പ്രവൃത്തി ചെയ്യാന്‍ ഭരണാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാനാവൂ. സര്‍ക്കാര്‍ തലത്തിലുള്ള ഓരോ കടമ്പകളും കടന്ന് പരമാവധി വേഗത്തില്‍ സര്‍ക്കാര്‍ അനുകൂല നിര്‍മാണ ഉത്തരവ് ലഭിക്കുന്നതിനുള്ള നിരന്തര പരിശ്രമമാണ് നടത്തിവരുന്നതെന്ന് എംഎല്‍എ അറിയിച്ചു.
കേരള വാട്ടര്‍ അഥോറിറ്റി പൊതുമരാമത്ത് വകുപ്പിലേക്ക് പൈപ്പിട്ട വകയില്‍ അടച്ചിരിക്കുന്ന 267 ലക്ഷം രൂപയുടെ ടാറിംഗ് നിര്‍മാണ അനുമതിയാണ് ധനകാര്യ-പൊതുമരാമത്ത് വകുപ്പുകള്‍ അംഗീകരിച്ചു നല്‍കേണ്ടത്.
ഇതിനായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 299 ലക്ഷം രൂപ കടുത്തുരുത്തി മണ്ഡലത്തില്‍ രണ്ട് വര്‍ഷം മുമ്പ് അനുവദിച്ചത് കടുത്തുരുത്തി-പിറവം റോഡില്‍ നടപ്പാക്കാനുള്ളതാണെന്ന് എംഎല്‍എ അറിയിച്ചു.
ഇതിന്റെകൂടെ ഇപ്പോള്‍ പരിശോധിച്ചുവരുന്ന 267 ലക്ഷം രൂപയുടെ ടാറിംഗ് പ്രവൃത്തികൂടി സംയുക്തമായി നടപ്പാക്കിയാല്‍ മാത്രമേ കടുത്തുരുത്തി-പിറവം റോഡിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ.
എത്രയുംവേഗം സര്‍ക്കാര്‍ അനുമതി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമസഭാ സമ്മേളനത്തില്‍ നേരിട്ട് കണ്ട് ആവശ്യം ഉന്നയിക്കുകയും വീണ്ടും നിവേദനം നല്‍കിയതായും മോന്‍സ് ജോസഫ് അറിയിച്ചു.